Share this Article
image
ഇതെന്ത് പ്രതിഭാസം? കരിഞ്ഞുണങ്ങിയ ഏലച്ചെടികളില്‍ നിന്നും ഭീമന്‍ കൂണുകള്‍
What is this phenomenon? Giant mushrooms from charred cardamom

കൊടും വരള്‍ച്ചയില്‍ കരിഞ്ഞുണങ്ങിയ ഏലച്ചെടികളില്‍ നിന്നും ഒരു കൗതുക കാഴ്ച്ച. ഇടുക്കി നരിയംപാറ വിനോദ് ഭവനില്‍ വിനോദിന്റെ കൃഷിയിടത്തിലാണ് ഭീമൻ കൂണുകൾ കൗതുക കാഴ്ചയാകുന്നത് .

ഏപ്രില്‍ മാസത്തെ വലിയ ചൂടില്‍ വിനോദിന്റെ ഏലത്തോട്ടം മുഴുവന്‍ ഉണക്ക് ബാധിച്ച് കരിഞ്ഞുണങ്ങിയിരുന്നു. ഒരാഴ്ച്ചയായി മഴ ലഭിക്കുന്നുണ്ടെങ്കിലും ഉണങ്ങി വീണ ഏലത്തട്ടകള്‍ അപ്പാടെ നശിച്ച നിലയിലായിരുന്നു. കൃഷി നശിച്ചതിന്റെ വേദനയില്‍ എല്ലാ ദിവസവും വിനോദ് തോട്ടത്തിലെത്തുമായിരുന്നു. 

കഴിഞ്ഞ ദിവസമാണ് വീണു കിടക്കുന്ന ഏലത്തട്ടകളില്‍ ചെറിയ കൂണുകള്‍ വളരുന്നതായി കണ്ടത്. അത്ര കാര്യമാക്കിയില്ലെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ കൂണുകളുടെ എണ്ണം കൂടുകയും വലിപ്പം അസാധാരണമാം വിധം വര്‍ധിക്കുകയും ചെയ്തു. പത്ത് ദിവസം കഴിഞ്ഞ് നോക്കിയപ്പോഴാണ് കൂണ് വളര്‍ന്ന് വലുതായി കണ്ടത്. 

കരിഞ്ഞുണങ്ങിക്കിടന്ന രണ്ട് ഏലത്തണ്ടുകളില്‍ നിന്നാണ് ഗുഹ പോലെ കൂണ്‍ വളര്‍ന്ന് പൊങ്ങിയത്. വിവരം അറിഞ്ഞ് നിരവധി ആളുകളാണ് കൗതുക കാഴ്ച്ച കാണാന്‍ ഇവിടേക്ക് എത്തുന്നത്. കൊടും വേനലില്‍ കൃഷി നശിച്ചതിന്റെ നിരാശയിലിരിക്കെയാണ് കൃഷിയിടത്തില്‍ നിന്നും മനസിന് കുളിര്‍മയേകുന്ന ഈ അത്ഭുത കാഴ്ച്ചയെന്നതും ശ്രദ്ധേയമാണ്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories