Share this Article
image
പ്രമോദ് കോട്ടൂളിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി; കോഴ വാങ്ങിയിട്ടില്ലെന്നും പരാതിക്കാരന്റെ വീടിന് മുന്നില്‍ അമ്മയ്‌ക്കൊപ്പം സമരവുമായി പ്രമോദ് കോട്ടൂളി
വെബ് ടീം
posted on 13-07-2024
1 min read
psc-bribery-scandal-pramod-kotooli-expelled-from-the-party

കോഴിക്കോട്: പിഎസ്‌സി അംഗത്വം വാഗ്ദാനം ചെയ്ത് കോഴ വാങ്ങിയെന്ന പരാതിയില്‍ സിപിഐഎം കോഴിക്കോട് ടൗണ്‍ ഏരിയാ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.

തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും പ്രമോദ് കോട്ടൂളിയെ നീക്കും. റിയല്‍ എസ്റ്റേറ്റ് ബിനാമി ബന്ധങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി. ഇന്നുചേര്‍ന്ന കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

പ്രമോദിനെ പുറത്താക്കിയതായി ഏരിയാ കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തു. വിഷയം കൈകാര്യം ചെയ്തതില്‍ ജില്ലാ കമ്മിറ്റിക്ക് വീഴ്ച പറ്റിയതായും സംസ്ഥാന കമ്മിറ്റി വിലയിരുത്തിയിരുന്നു. ഗുരുതരമായ ആരോപണം ഉയര്‍ന്നിട്ടും നടപടിയെടുക്കാതെ തീരുമാനം വൈകിപ്പിച്ചുവെന്നും സംസ്ഥാന കമ്മിറ്റി വിമര്‍ശനം ഉന്നയിച്ചു. സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശം ഉള്‍പ്പെടെ പരിഗണിച്ചുകൊണ്ടാണ് ജില്ലാ കമ്മിറ്റിയുടെ നടപടി.

പിഎസ്‌സി അംഗത്വം വാഗ്ദാനം ചെയ്ത് കോഴ വാങ്ങിയെന്നാണ് പ്രമോദ് കോട്ടൂളിക്കെതിരെ ഉയര്‍ന്ന ആരോപണം. സംഭവം വിവാദമായതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരായ നടപടി സംബന്ധിച്ച് ചര്‍ച്ചചെയ്യുന്നതിന് ഇന്ന് ജില്ലാ കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. പ്രമോദ് കോട്ടൂളിയെ പുറത്താക്കാനുള്ള ജില്ലാ സെക്രട്ടേറിയേറ്റിന്റെ തീരുമാനമാണ് ജില്ലാ കമ്മിറ്റി ചര്‍ച്ചചെയ്തത്.

കോഴ ആരോപണത്തില്‍ തന്നെ ആക്രമിക്കുന്നത് തെളിവില്ലാതെയെന്ന് പ്രമോദി കോട്ടൂളി. താന്‍ ഒരാളില്‍ നിന്നും ഒരു രൂപ പോലും വാങ്ങിയിട്ടില്ല, കോഴിക്കോട് നഗരത്തില്‍ ഇന്നുവരെ ഒരു റിയല്‍ എസ്‌റ്റേറ്റ് കച്ചവടവും നടത്തിയിട്ടില്ല. ഇല്ലാത്ത ആരോപണം ഉന്നയിച്ച പരാതിക്കാരന്റെ വീട്ടില്‍ അമ്മയ്ക്കും മകനുമൊപ്പം സമരമിരിക്കുമെന്നും പ്രമോദ് പറഞ്ഞു.

തന്നെ പുറത്താക്കിയ നടപടിയെ കുറിച്ച് വിവരം ലഭിച്ചിട്ടില്ല. സംഘടനാപരമായി നടപടി അവര്‍ അറിയിക്കേണ്ടതാണ്. താന്‍ കോഴവാങ്ങിയെന്നാണ് ആരോപിക്കുന്നത്. തെറ്റ് ചെയ്തിട്ടില്ലെന്ന് തനിക്ക് അമ്മയെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. കടുത്തജീവിത പ്രയാസങ്ങളിലൂടെയാണ് അമ്മ തന്നെ വളര്‍ത്തിക്കൊണ്ടുവന്നത്. മകനായ ശേഷമാണ് താന്‍ സഖാവായത്. പ്രസ്ഥാനത്തിന്റെ ഭാഗമായി നിന്നപ്പോള്‍ നിരവധി തവണ ജയില്‍വാസവും ലാത്തിച്ചാര്‍ജ് ഉള്‍പ്പടെ അനുഭവിച്ചപ്പോള്‍ അതിന്റെ ബുദ്ധിമുട്ടുകള്‍ ഉള്‍പ്പടെ അമ്മ അനുഭവിച്ചിട്ടുണ്ട്.

ഈ 22 ലക്ഷം രൂപ ആരെങ്കിലും വാങ്ങിയിട്ടുണ്ടെങ്കില്‍ അത് ആര്‍ക്കാണ് നൽകിയത്, എപ്പോഴാണ്? എന്നാണ്? ഇത്തരം വിരങ്ങള്‍ എന്റെ അമ്മയെ ബോധ്യപ്പെടുത്തണം. ശ്രീജിത്ത് എന്ന വ്യക്തിയാണ് ഇതിന് പിന്നിൽ. ഇയാളുടെ വീടിന് മുന്നിൽ താനും അമ്മയും മകനും പോയി പ്രതിഷേധിക്കാൻ പോകുകയാണ്. ഇയാൾ തെളിവുസഹിതം കാര്യങ്ങൾ വ്യക്തമാക്കണം.ഇനി തനിക്ക് ഒന്നും ഒളിക്കാനില്ല. കുടുക്കാന്‍ ശ്രമിച്ചവരുടേത് ഉള്‍പ്പടെ എല്ലാ കാര്യങ്ങളും തുറന്നുപറയും. ആദ്യമായാണ് ശ്രീജിത്തിന്റെ വീട്ടിലേക്ക് പോകുന്നതെന്ന് പ്രമോദ് പറഞ്ഞു. സമരസ്ഥലത്തുവെച്ച് താൻ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories