കൊച്ചി: കളമശേരി കൂനംതൈയിൽ ജെയ്സി ഏബ്രഹാമിൻ്റെ കൊലപാതകത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്.തൃക്കാക്കര എ.സി.പി.യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. ജെയ്സി കൊല്ലപ്പെട്ട ഞായറാഴ്ച രാവിലെ 10 .20ന് കുനംതൈയിലെ അപ്പാർട്ട്മെന്റിൽ ഹെൽമറ്റ് ധരിച്ച് എത്തിയ യുവാവിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം.ശുചിമുറിയിൽ വിവസ്ത്രമായ രീതിയിലായിരുന്നു മൃതദേഹം കിടന്നിരുന്നതെന്നാണ് റിപ്പോർട്ട്.10.20ന് അപ്പാർട്ട്മെന്റിന് എത്തിയ യുവാവ് 12.50 നാണ് മടങ്ങിയത്. അപ്പാർട്ട്മെന്റിലേക്ക് കയറുമ്പോൾ ആദ്യം ധരിച്ചിരുന്ന ടീ ഷർട്ട് മാറ്റി മറ്റൊരു ടീ ഷർട്ടാണ് തിരികെ പോകുമ്പോൾ ഇയാൾ ധരിച്ചിരുന്നത്. ജെയ്സിയുടെ സ്വർണാഭരണങ്ങളും രണ്ടു മൊബൈൽ ഫോണുകളും മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. സമീപത്തെ വീടുകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കി.
പോസ്റ്റ്‌മോർട്ടത്തിൽ തലയ്ക്ക് പിന്നിലെ ആഴത്തിലുള്ള മുറിവ് കണ്ടെത്തിയിരുന്നു. ഇതോടെയാണ് കൊലപാതകം എന്ന സംശയത്തിലേക്ക് പൊലീസ് എത്തിയത്. റിയൽ എസ്റ്റേറ്റ് വ്യാപാരമടക്കം ബിസിനസുകളിൽ സജീവമായിരുന്നു ജെയ്സിയുമായുള്ള സാമ്പത്തിക ഇടപാട് ആയിരിക്കാം കൊലപാതകത്തിന് കാരണമെന്ന സംശയത്തിലാണ് പൊലീസ്.ഞായറാഴ്ച പകൽ അപ്പാർട്ട്മെന്റിൽ എത്തിയവരും പൊലീസ് നിരീക്ഷണത്തിലാണ്. ജെയ്സിയുടെ ഫോൺ കോൾ വിവരങ്ങൾ ശേഖരിച്ച പൊലീസ് മൂന്നു പേരെ ഇതിനകം ചോദ്യം ചെയ്തു.
അപ്പാർട്ട്മെന്റിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന ഇവർക്ക് സമീപവാസികളുമായി അടുപ്പമില്ലായിരുന്നു. ഭർത്താവ് എബ്രഹാം ഇവർക്കൊപ്പമായിരുന്നില്ല കഴിഞ്ഞിരുന്നതെന്ന് പോലീസ് പറഞ്ഞു.
അമൃത ആശുപത്രിക്കടുത്ത് അപ്പാർട്ട്മെന്റുകൾ വാടകയ്ക്കെടുത്തിട്ട് ഫർണിഷ് ചെയ്ത് മറ്റുള്ളവർക്ക് ദിവസ-മാസ വാടകയ്ക്ക് കൊടുക്കുന്ന ഇടപാടും റിയൽ എസ്റ്റേറ്റ് ഇടപാടും ജെയ്സിക്ക് ഉണ്ടായിരുന്നു. കുറുപ്പംപടി ചുണ്ടക്കുഴിയിൽനിന്ന് െജയ്സിയുടെ കുടുംബം സ്ഥലം വിറ്റുപോയിട്ട് 10 വർഷത്തോളമായി.
ദിവസങ്ങൾക്കു മുൻപ് ഭർത്താവ് എബ്രഹാമിനൊപ്പം ജെയ്‌സി ചുണ്ടക്കുഴിയിലെ ബാങ്ക് ശാഖയിൽ എത്തിയിരുന്നു. എബ്രഹാം (രാജു) ഇടയ്ക്കിടെ സ്ഥലം, വീട് കച്ചവടങ്ങൾക്ക് ഇടനിലക്കാരനായി ചുണ്ടക്കുഴിയിൽ എത്താറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.