ഇടുക്കി: മൂന്നാർ പെരിയവരയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. ഗുണ്ടുമല സ്വദേശി മുനിയാണ്ടിയാണ് മരിച്ചത്. അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റു.
ഉച്ചയോടെ വാഹനമോടിക്കുന്നതിനിടെ ഡ്രൈവറായ മുനിയാണ്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ജീപ്പിന്റെ നിയന്ത്രണം വിട്ട് മറിയുകയുമായിരുന്നു എന്ന് ഒപ്പമുണ്ടായിരുന്ന യാത്രക്കാർ പറയുന്നു. പെട്ടെന്ന് നെഞ്ചുവേദനയെടുക്കുന്നെന്ന് ഡ്രൈവർ പറഞ്ഞു. പെട്ടെന്നാണ് ജീപ്പ് മറിഞ്ഞതെന്ന് യാത്രക്കാരിയായ യുവതി പറഞ്ഞു. കൊക്കയിലേക്കാണ് ജീപ്പ് തലകീഴായി മറിഞ്ഞത്.
രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാർ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. മൂന്നാറിലെ ആശുപത്രിയിൽ എത്തിച്ച മുനിയാണ്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. യാത്രക്കാരിലൊരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.