കണ്ണൂരിൽ തണ്ടർബോൾട്ടിനു നേരെ മാവോയിസ്റ്റ് സംഘത്തിന്റെ ആക്രമണം.അയ്യൻകുന്ന് ഉരുപ്പുകുറ്റി വനത്തിലാണ് ഏറ്റുമുട്ടൽ നടന്നത്. സംഭവസ്ഥലത്തു നിന്നും മൂന്ന് തോക്കുകൾ കണ്ടെടുത്തു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടർച്ചയായി മാവോയിസ്റ്റ് സംഘത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ് തണ്ടർബോൾട്ടിന്റെയും പോലീസിന്റെയും നേതൃത്വത്തിൽ ഉരുപ്പു ക്കുറ്റി വനത്തിലും പരിസരപ്രദേശങ്ങളിലും പട്രോളിങ് ശക്തമാക്കിയത്. ഇതിനിടയിൽ ഇന്ന് രാവിലെയോടുകൂടിയാണ് മാവോയിസ്റ്റ് സംഘം ആക്രമണം നടത്തുന്നത്. 10 മിനിട്ടോളം തുടർച്ചയായി വെടിവെപ്പ് ശബ്ദം കേട്ടു എന്ന് നാട്ടുകാർ പറയുന്നു .
വെടിവെപ്പിനെ തുടർന്ന് തണ്ടർബോൾട്ടിന്റെയും പോലീസിന്റെയും കൂടുതൽ സംഘം സംഭവസ്ഥലത്ത് എത്തി. ഏതാനും ദിവസങ്ങൾക്കു മുൻപ് ആണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കെതിരെ മാവോയിസ്റ്റ് സംഘത്തിന്റെ നേതൃത്വത്തിൽ ആക്രമണം നടന്നത്. സംഭവത്തിൽ ആറോളം ഫോറസ്റ്റ് ഉദ്യോഗസ്ഥർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. നാളുകൾക്ക് മുന്നേ തന്നെ അയ്യൻകുന്നിലും പരിസരപ്രദേശങ്ങളിലും തുടർച്ചയാ ദിവസങ്ങളിൽ മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകൾ പ്രചരിപ്പിച്ചിരുന്നു. ഒപ്പം മാവോയിസ്റ്റ് സംഘം ഇവിടെയുള്ള വീടുകളിൽ എത്തുകയും ഭക്ഷണസാധനങ്ങൾ ഉൾപ്പെടെയുള്ളവ ശേഖരിച്ച് മടങ്ങിയ സംഭവങ്ങളും നിരവധിയായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തുടർച്ചയായി രണ്ടാം തവണയാണ് ഉദ്യോഗസ്ഥർക്ക് നേരെ മാവോയിസ്റ്റ് സംഘം ആക്രമണം നടത്തുന്നത്. മാവോയിസ്റ്റിന്റെ സാന്നിധ്യം നിരവധി തവണ തിരിച്ചറിഞ്ഞെങ്കിലും ഇവരെ പിടികൂടാൻ കഴിയാത്തത് ജനങ്ങൾക്കിടയിൽ വലിയ ഭീതി ഉണ്ടാക്കുന്നു.