തൃശൂർ: ഡിഗ്രി കോഴ്സിന് ചേർത്തുവെന്ന് പറഞ്ഞ് കബളിപ്പിച്ചതിനെ ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജിയിൽ വിദ്യാർത്ഥിനിക്ക് അനുകൂല വിധി. തൃശൂർ വെള്ളാഞ്ചിറയിലുള്ള ഐനിക്കാടൻ അനിറ്റ.ടി.ആൻ്റോ ഫയൽ ചെയ്ത ഹർജിയിലാണ് ഏയ്ഡ് എഡ്യുക്കേഷൻ്റെ തൃശൂരിലെ മാനേജർക്കെതിരെയും മലപ്പുറത്തെ ഉടമക്കെതിരെയും ഇപ്രകാരം വിധി.
മധുരൈ കാമരാജ് യൂണിവേഴ്സിറ്റിയിൽ ബി.എ. ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ കോഴ്സിൽ ചേർക്കാമെന്ന് പറഞ്ഞാണ് 20,300 രൂപ വാങ്ങിയത്. മൂന്ന് വർഷവും പരീക്ഷകൾ ഉണ്ടാകുമെന്ന് അറിയിച്ചിരുന്നു.എന്നാൽ പരീക്ഷ നടന്നില്ല.
പരാതിപ്പെട്ടപ്പോൾ ഹർജിക്കാരിയെ അണ്ണാമലൈ യൂണിവേഴ്സിറ്റിയിലേക്ക് മാറ്റാം എന്ന് ഉറപ്പു നൽകുകയായിരുന്നു. തുടർന്ന് അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ അന്വേഷിച്ചപ്പോൾ എതിർകക്ഷികൾ ഒഫീഷ്യൽ സെൻ്ററല്ല എന്ന് മനസിലായി.
എതിർകക്ഷികൾ വ്യത്യസ്ത വാഗ്ദാനങ്ങൾ നൽകി കബളിപ്പിക്കുകയായിരുന്നു. നിവൃത്തിയില്ലാതെ ഹർജി ഫയൽ ചെയ്യുകയാണുണ്ടായത്. എതിർകക്ഷികളുടെ പ്രവൃത്തികൾ തെറ്റും സേവനത്തിലെ വീഴ്ചയും ആണെന്ന് വിലയിരുത്തിയ പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരിയിൽനിന്ന് ഈടാക്കിയ 20300 രൂപ തിരികെ നൽകുവാനും മാനസിക വിഷമത്തിനും കഷ്ടനഷ്ടങ്ങൾക്കും പരിഹാരമായി 25000 രൂപ നൽകുവാനും ചിലവിലേക്ക് 5000 രൂപ നൽകുവാനും ഹർജി തിയ്യതി മുതൽ 9 % പലിശ നൽകുവാനും ഉത്തരവിട്ടു. ഹർജിക്കാരിക്ക് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.