ഇടുക്കി പീരുമേട്ടിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം വനം വകുപ്പ് സ്ഥിരീകരിച്ചു .കഴിഞ്ഞ ദിവസം രാത്രിയിൽ പീരുമേട് തോട്ടാപ്പുരയ്ക്ക് സമീപം വളർത്തുനായയെ പുലി ആക്രമിച്ച് കൊന്നു. പീരുമേട്ടിലെ വിദൂര ആദിവാസി മേഖലയായ പ്ലാക്കത്തടത്ത് കരടിയുടെ സാന്നിധ്യം ഉള്ളതായും പ്രദേശവാസികൾ പറഞ്ഞു.
കഴിഞ്ഞ രാത്രിയിലാണ് വീണ്ടും പീരുമേട് തോട്ടാ പുരയ്ക്ക് സമീപം ജനവാസമേഖലയിൽ പുലിയെത്തിയത്. പ്രദേശവാസിയുടെ വളർത്തു നായയെ പുലി ആക്രമിച്ച് കൊലപ്പെടുത്തി. കഴിഞ്ഞ ഞായറാഴ്ച രാത്രിയിൽ പീരുമേട് ടൗണിൽ എത്തി വീട്ടിലേക്ക് തിരികെ മടങ്ങുന്ന സമയത്ത് പ്രദേശവാസികൾ പിഡബ്ല്യുഡി റെസ്റ്റ് ഹൗസിന് സമീപത്തുവച്ച് പുലിയെ നേരിൽ കണ്ടു .
വനം വകുപ്പിന്റെ ആർ ടി ടീം സ്ഥലത്ത് എത്തിരണ്ട് ദിവസങ്ങളായി നടത്തിയ പരിശോധനയിൽ പുലിയുടെ സാന്നിധ്യം മേഖലയിലുള്ളതായി സ്ഥിരീകരിച്ചു .ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് മേൽ ഉദ്യോഗസ്ഥർക്ക് കൈമാറിയതിനു ശേഷം മാത്രമേ മേഖലയിൽ ക്യാമറ സ്ഥാപിക്കൂ. കഴിഞ്ഞദിവസം പീരുമേട്ടിലെ വിദൂര ആദിവാസി മേഖലയായ പ്ലാക്കത്തടത്ത് കരടിയെ കണ്ടതായി പ്രദേശവാസികൾ പറഞ്ഞു.
ഇവിടവും ആർ ആർ ടി സംഘം സന്ദർശിച്ചു. ഏതാനും നാളുകൾക്ക് മുമ്പ് പീരുമേട് ടൗണിൽ നിന്നും പ്ലാക്കത്തടത്തിലേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷ ഡ്രൈവർ കരടിയെ നേരിൽ കണ്ടിരുന്നു. പുലി പീരുമേട് ടൗണിന് സമീപമുള്ള ജനവാസ മേഖലയിൽ എത്തിയത് ആശങ്ക വർദ്ധിപ്പിക്കുകയാണ്.