പത്തനംതിട്ട ചെങ്ങരൂരില്‍ മാത്യു എന്ന കര്‍ഷകന്റെ തോട്ടത്തില്‍ വിളഞ്ഞ അപൂര്‍വ്വ ഇന കൈതചക്ക അത്ഭുത കാഴ്ചയാകുന്നു. നിരവധി പേരാണ് കൈതചക്ക കാണാനായി മാത്യുവിന്റെ കൃഷിയിടത്തിലേക്ക് എത്തുന്നത്.
ചെങ്ങരൂർ കാവുങ്കൽ കർഷകനായ മാത്യു കുട്ടിയുടെ കൃഷി തോട്ടത്തിലാണ് അപൂർവ്വമായ കൈതചക്ക കായിച്ച് നിൽക്കുന്നത്. ഒരു വർഷം മുൻപ് പരിചയകാരന്റെ അടുത്ത് നിന്ന് കൊണ്ടുവന്ന് നട്ട കൈതയാണ് രണ്ടാം വിളവിൽ ഇരുത്തിയഞ്ച് മുടിയുമായി തല വിടർത്തി നിൽക്കുന്നത്.
മുൻപ് ഈ മൂട്ടിൽ നിന്ന് ഉണ്ടായകൈതചക്കയ്ക്ക് അഞ്ച് കിലോ ഭാരമുണ്ടായിരുന്നു. എന്നാൽ അതിന് ശേഷം ഉണ്ടായ ഈ ചക്ക ഇത്രയും വലുപ്പത്തിൽ ഇരുപത്തിയഞ്ച് മുടിയിൽ ഉണ്ടാകുമെന്ന് മാത്യു കുട്ടി ഓർത്തില്ല. യാതൊരുവിധമായ വളപ്രയോഗം നടത്തിയിട്ടില്ലെന്ന് മാത്രമല്ല ഒരു പരിചരണവും ഇതിന് കൊടുത്തിട്ടില്ലെന്നും മാത്യു കുട്ടി പറഞ്ഞു.
ഇദ്ദേഹത്തിന്റെ പിതാവ് മൽപ്പാൻ വലിയ ഒരു കർഷകനായിരുന്നു. പിതാവിനൊപ്പം മാത്യു കുട്ടിയും 17 വയസ് വരെ കൃഷിയ്ക്ക് പിതാവിനെ സഹായിക്കുമായിരുന്നു.13 വർഷം മുബൈയിലും 27 വർഷം ദുബായിലും ജോലി ചെയ്ത ശേഷം നാട്ടിലെത്തിയ മാത്യു കുട്ടി 2018 മുതൽ കൃഷിയിൽ മുഴുവൻ സമയവും ചെലവഴിച്ച് വരികയാണ്.
എന്നാൽ കൈത നട്ടത് കൃഷിയ്ക്ക് ഒരു ഇടവിളയായിട്ടാണ്. അത് ഇത്രയും വലിയ അത്ഭൂതം സൃഷ്ടിക്കുമെന്ന് മാത്യൂ കുട്ടി സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടില്ല. .