അപകടം മൂലമുണ്ടായ അംഗവൈകല്യത്തെ ജന്മസിദ്ധമായി കിട്ടിയ കലയിലൂടെ മറികടക്കുകയാണ് ഇടുക്കി നെടുങ്കണ്ടം സ്വദേശി ടുട്ടുമോൻ. വ്യത്യസ്ഥമായ ചിത്രകലയിലൂടെയാണ് ഇദ്ദേഹം ശ്രദ്ദേയനാവുന്നത്. പതിനയ്യായിരം ബട്ടൻസുകൾ ഉപയോഗിച്ച് നിർമ്മിച്ച ബോബി ചെമ്മണ്ണൂരിൻ്റെ ചിത്രമാണ് ഏറ്റവും ഒടുവിലത്തേത്. ഇൻഡ്യ ബുക്ക് ഓഫ് റിക്കോഡ് സിലും ഇതിനോടകം ഇടം നേടിക്കഴിഞ്ഞു ഈ കലാകാരൻ.
ചിത്രകലയിൽ സ്വീകരിച്ചു വരുന്ന വ്യത്യസ്തതയാണ് ടുട്ടുമോൻ എന്ന ഇടുക്കി നെടുങ്കണ്ടം സ്വദേശിയെ വ്യത്യസ്തനാക്കുന്നത്. നൂലിൽ തീർത്ത ഉമ്മൻചാണ്ടിയുടെ ചിത്രം. സ്ക്രൂ ആർട്ടിൽ സുരേഷ് ഗോപി. ഒന്നരലക്ഷത്തോളം തീപ്പെട്ടിക്കമ്പുകൾ ഉപയോഗിച്ച് നിർമ്മിച്ച എം എ യൂസഫലിയുടെ ചിത്രം.
ഏറ്റവും ഒടുവിൽ ഇപ്പോൾ വിവിധ വർണങ്ങളിലുള്ള ബട്ടൺസുകൾ ചേർത്തുവച്ച് ബോബി ചമ്മണ്ണൂരിൻ്റെ ജീവൻ തുടിക്കുന്ന ചിത്രം.
15,000 ബട്ടൺസുകൾ ഉപയോഗിച്ച് 10 ദിവസം കൊണ്ടാണ് ഈ ചിത്രം പൂർത്തീകരിച്ചത്. ഇതിനുമുമ്പ് 32,423 സ്ക്രൂകൾ ഉപയോഗിച്ച് തീർത്ത സുരേഷ് ഗോപിയുടെ ചിത്രം ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി. നൂലിൽ തീർത്ത ഉമ്മൻചാണ്ടിയുടെ ചിത്രം പുതുപ്പള്ളിയിൽ എത്തിച്ചു നൽകിയിട്ടുണ്ട്.
ബട്ടൺസിൽ തീർത്ത ചിത്രം കണ്ട് ബോബി ചെമ്മണ്ണൂർ നേരിട്ട് വിളിച്ചിരുന്നു. അദ്ദേഹത്തിന് ചിത്രം നേരിട്ട് കൈമാറണം എന്നതാണ് ടുട്ടുമോൻ്റെ ആഗ്രഹം.
ചെറുപ്പം മുതൽ ചിത്രകലയെ സ്നേഹിച്ചിരുന്ന ടുട്ടുമോൻ പെയിന്റിംഗ് തൊഴിലാളിയായിരുന്നു. പത്തുവർഷം മുമ്പ് ജോലിക്കിടയിൽ കെട്ടിടത്തിനു മുകളിൽ നിന്ന് വീണ് പരിക്കുപറ്റി ഇരിപ്പിലായി. പിന്നീട് മറ്റു ജോലികൾക്കൊന്നും പോകാൻ കഴിഞ്ഞില്ല.
ഒറ്റയ്ക്കിരിപ്പിന്റെ വിരസത മാറ്റാൻ തുടങ്ങിയതാണ് വ്യത്യസ്തമായ ഈ ചിത്രകല.ഓടി നടക്കുന്ന കാലത്ത് ഇതുപോലെ ഇരുപ്പായി പോയാൽ. ആരും വെറുതെ ഇരിക്കരുത് നമുക്ക് കിട്ടിയ കഴിവുകൾ പ്രയോജനപ്പെടുത്താനുള്ള ഒരു അവസരമായി അതിനെ കണക്കാക്കണമെന്നാണ് ടുട്ടുമോൻ പറയുന്നത്.
ജന്മസിദ്ധമായ കലയെ വ്യത്യസ്തതയിലൂടെ മുന്നോട്ട് കൊണ്ടുപോകുന്നതിനൊപ്പം. സ്വന്തം അധ്വാനത്തിലൂടെ ഉപജീവനത്തിനുള്ള മാർഗവും കണ്ടെത്തുന്നുണ്ട്.ടുട്ടുമോനും അമ്മയും ചേർന്ന് നല്ല ഒന്നാന്തരം ബിരിയാണി ഉണ്ടാക്കും അത് വഴിയരികിൽ വച്ച് കച്ചവടം നടത്തുന്നു. ഇതിൽനിന്ന് കിട്ടുന്ന വരുമാനമാണ് ഇപ്പോൾ ഉപജീവനമാർഗ്ഗം.