Share this Article
image
ഒടിഞ്ഞ് പ്ലാസ്റ്ററിട്ട കൈ വളഞ്ഞു; ആശുപത്രിയും ഡോക്ടറും നഷ്ടപരിഹാരം നൽകണമെന്ന് വിധി
വെബ് ടീം
posted on 05-11-2024
1 min read
FINE

തൃശൂർ: പ്ലാസ്റ്ററിട്ട കൈ വളഞ്ഞ് വൈകല്യം വന്നതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. വരന്തരപ്പിള്ളി സ്വദേശി ആറ്റുപുറം വീട്ടിൽ ടെന്നിസൺ, പിതാവ് ഏ.ഡി.സണ്ണി എന്നിവർ ചേർന്ന് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ ഒല്ലൂരിലെ ഹോളി ഫാമിലി ഹോസ്പിറ്റൽ ഡയറക്ടർ, ചികിത്സ നടത്തിയ ഡോ.രാം മോഹൻ.കെ.പി.എന്നിവർക്കെതിരെയാണ് നഷ്ടപരിഹാരം നൽകാൻ വിധി. 

ടെന്നിസൻ്റെ ഇടതു കൈ കളിച്ചുകൊണ്ടിരിക്കുമ്പോൾ ബോൾ കൊണ്ട് പരിക്ക് പറ്റി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. 

എക്സ് റേ എടുത്ത് കൈ ഒടിഞ്ഞിട്ടുണ്ടെന്ന് പറഞ്ഞ് പ്ലാസ്റ്ററിടുകയായിരുന്നു.എന്നാൽ ഒരാഴ്ച കഴിഞ്ഞപ്പോൾ ഒടിഞ്ഞ കൈയ്യിൽ വേദന വരുകയും ഡോക്ടറെ ചെന്ന് കാണുകയുമുണ്ടായി.എന്നാൽ കൈയിൽ കുഴപ്പമില്ല എന്ന് പറഞ്ഞ് വേദന മാറുവാനുള്ള ഗുളിക കുറിച്ചു നൽകി.

തുടർന്ന് രണ്ടാഴ്ച കഴിഞ്ഞപ്പോൾ പ്ലാസ്റ്റർ വെട്ടി. പ്ലാസ്റ്റർ വെട്ടിയപ്പോൾ കൈ വളഞ്ഞ് വൈകല്യം വന്ന അവസ്ഥയിലായിരുന്നു. തുടർന്ന് മറ്റൊരു ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയാണ് റാഡ് ഇട്ട് കൈ ഭേദമാക്കിയത് . 

പ്ലാസ്റ്റർ ടെന്നിസൺ സ്വയം ഊരി മാറ്റുകയായിരുന്നുവെന്നും അതുകൊണ്ടാണ് വൈകല്യം സംഭവിച്ചതെന്നുമുള്ള എതിർകക്ഷികളുടെ വാദം കോടതി നിരാകരിച്ചു. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി ഹർജിക്കാർക്ക് നഷ്ടപരിഹാരമായി 50000 രൂപയും ചിലവിലേക്ക് 10000 രൂപയും ഹർജി തീയതി മുതൽ 5 % പലിശയും നൽകുവാൻ കൽപ്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാർക്ക്‌ വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories