ഇടുക്കി നെടുങ്കണ്ടം മുണ്ടിയെരുമ സ്വദേശി കെ എം ഷാജി എന്ന കർഷകൻ്റെ കൃഷിയിടത്തിൽ വിളയുന്ന ഫലങ്ങൾക്ക് ഒരു പ്രത്യേകതയുണ്ട്.
മറ്റു കൃഷിയിടങ്ങളിൽ വിളയുന്ന ഫലങ്ങളെക്കാൾ പത്തും പതിനഞ്ചും ഇരട്ടി വലിപ്പത്തിലും നീളത്തിലും തൂക്കത്തിലുമുള്ള ഫലങ്ങളാണ് ഈ കർഷകൻ്റെ തോട്ടത്തിനെ വ്യത്യസ്തമാക്കുന്നത്.
എട്ടടി നീളമുള്ള കപ്പ കിഴങ്ങ്, അഞ്ചു കിലോ തൂക്കവും മൂന്നടിയിലധികം നീളമുള്ള കപ്പളങ്ങ. തുടങ്ങി വ്യത്യസ്തമായ കൃഷിരീതിയിലൂടെ അത്ഭുതങ്ങൾ സൃഷ്ടിക്കുകയാണ് കെ എം ഷാജി.
ആറുമാസം മുമ്പാണ് തന്നെക്കാൾ നീളമുള്ള കപ്പക്കിഴങ്ങ് ഉല്പാദിപ്പിച്ച് ഇദ്ദേഹം അതിശയിപ്പിച്ചത്. ഇതിനുശേഷം ഇപ്പോൾ ഇദ്ദേഹത്തിൻറെ കൃഷിയിടത്തിൽ വ്യത്യസ്ത കാഴ്ച ഒരുക്കുന്നത് ഒരു കപ്പളമാണ്.
ഈ കപ്പളത്തിൽ ഉണ്ടാകുന്ന കായകൾക്കെല്ലാം അസാധാരണമായ നീളവും വലിപ്പവുമാണ്.കൃഷി വകുപ്പ് അധികൃതർ അടക്കം സ്ഥലത്തെത്തി പരിശോധന നടത്തി ഫലത്തിന്റെ പ്രത്യേകത ഉറപ്പിച്ചു.
ഇത്രയധികം വലിപ്പമുള്ള കപ്പളങ്ങ ഇതിനുമുമ്പ് കണ്ടിട്ടില്ലെന്ന് അസിസ്റ്റൻറ് കൃഷി ഓഫീസർ ബിജുമോൻ ജോസ് പറഞ്ഞു.
യാത്രകളിലാണ് ഇദ്ദേഹം ഫലവർഷ തൈകൾ വാങ്ങാറുള്ളത്. അതിനെ പൂർണ്ണമായും ജൈവരീതിയിൽ കൃഷി നടത്തുമ്പോൾ വലിയ വിളവ് ലഭിക്കുന്നതാണ് ഈ കർഷകർ സാക്ഷ്യപ്പെടുത്തുന്നത്.
പഞ്ചായത്ത് അധികൃതരുടെയും കൃഷിവകുപ്പ് അധികൃതരുടെയും സാന്നിധ്യത്തിൽ വിളവെടുത്ത ഒരു മൂട് കപ്പയിൽ നിന്നും 600 രൂപയിൽ അധികം വിപണി വില ലഭിക്കുന്ന കപ്പക്കിഴങ്ങുകൾ ലഭിച്ചു.
ഒരു മൂട്ടിൽ നിന്നും 15 മുതൽ 25 കിലോയിൽ അധികം തൂക്കമുള്ള കപ്പക്കിഴങ്ങാണ് ഇദ്ദേഹത്തിൻറെ തോട്ടത്തിൽ ഉത്പാദിപ്പിക്കുന്നത്.
കെ എം ഷാജി പഞ്ചായത്തിലെ കർഷകർക്ക് പ്രചോദനമാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പിടി ശിഹാബും മുൻ പ്രസിഡൻറ് എസ് മോഹനനും പറഞ്ഞു.
എന്താണെങ്കിലും കെ എം ഷാജി എന്ന കർഷകൻ തൻ്റെ കൃഷിയിടത്തിൽ അത്ഭുതങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. ഇത് കാണുവാനും കൃഷി രീതി മനസ്സിലാക്കാനും നിരവധി പേരാണ് ദിനംപ്രതി ഇദ്ദേഹത്തിൻറെ മുണ്ടിയെരുമയിലെ വീട്ടുമുറ്റത്തേക്ക് എത്തുന്നത്.