ആലപ്പുഴ തകഴിയില്‍ നവജാത ശിശുവിന്റെ മൃതദേഹം മറവുചെയ്ത കേസില്‍ നിര്‍ണായക മൊഴി പുറത്ത്. ജനിച്ചപ്പോള്‍ കുഞ്ഞ് കരഞ്ഞിരുന്നു എന്ന് അമ്മ ഡോണ പറഞ്ഞെന്ന് ഡോണയെ ചികിത്സിക്കുന്ന ഡോക്ടര്‍ മൊഴി നല്‍കി. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ്.
കുഞ്ഞിന്റേത് കൊലപാതകം ആണോ എന്നതില്‍ പരിശോധന തുടരുന്നതിനിടെയാണ് ഡോണയെ ചികിത്സിക്കുന്ന ഡോക്ടറുടെ നിര്‍ണായക മൊഴി. കുഞ്ഞ് ജനിച്ചപ്പോള്‍ കരഞ്ഞിരുന്നതായി ഡോണ പറഞ്ഞെന്ന് ഡോക്ടര്‍ മൊഴി നല്‍കി. കേസില്‍ റിമാന്റില്‍ കഴിയുന്ന ഡോണ, എറണാകുളം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
കേസില്‍ അറസ്റ്റിലായ ഡോണയുടെ കാമുകന്‍ തോമസ് ജോസഫും മൃതദേഹം മറവുചെയ്യാന്‍ സഹായിച്ച സുഹൃത്ത് അശോക് ജോസഫും ആലപ്പുഴ സബ് ജയിലില്‍ റിമാന്റിലാണ്. കുഞ്ഞിനെ പോളിത്തീന്‍ കവറിലാക്കി കൊടുത്തുവിടുമ്പോള്‍ ജീവനുണ്ടായിരുന്നു എന്ന് ഡോണയും മൃതദേഹമായിരുന്നു എന്ന് തോമസും മൊഴി നല്‍കിയിരുന്നു.
മൊഴികളിലെ വൈരുദ്ധ്യം കണക്കിലെടുത്തും ഡോക്ടറുടെ മൊഴിയുടെ പശ്ചാത്തലത്തിലും പ്രതികളെ ഒരുമിച്ച് ഇരുത്തി ചോദ്യംചെയ്യാനാണ് പൊലീസിന്റെ നീക്കം.