കാസർകോട്: വിഷം കഴിച്ച് ഗുരുതര നിലയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ബിരുദവിദ്യാർത്ഥിനി മരിച്ചു.മംഗളൂരുവിലെ കോളേജിൽ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയും നയാബസാറിലെ ഓട്ടോ ഡ്രൈവർ സുരേഷിൻ്റെ മകളുമായ അയില, യുദുപ്പുളുവിലെ ധന്യശ്രീ (19)യാണ് ബുധനാഴ്ച വൈകിട്ട് കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ഏതാനും ദിവസം മുമ്പ് വയറുവേദനയെന്നു പറഞ്ഞാണ് ധന്യശ്രീ ഡോക്ടറെ കണ്ടത്. മരുന്ന് കഴിക്കുമ്പോൾ വേദന കുറയുകയും പിന്നീട് വേദന അനുഭവപ്പെടുകയും ചെയ്‌തതോടെ ദേർളക്കട്ടയിലെ ആശുപത്രിയിലേക്ക് കൊണ്ടു പോയി. അവിടെ വെച്ചാണ് താൻ വിഷം കഴിച്ചിട്ടുണ്ടെന്ന കാര്യം ധന്യശ്രീ ഡോക്ടർമാരോട് പറഞ്ഞത്. അപ്പോഴേക്കും നില ഗുരുതരമായി.
കരൾ മാറ്റി വെച്ചാൽ ധന്യശ്രീയെ രക്ഷിക്കാൻ കഴിയുമെന്ന് ഡോക്ടർ അറിയിക്കുകയായിരുന്നു. എന്നാൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിന് ഇതിനുള്ള ഭാരിച്ച ചെലവ് താങ്ങാൻ കഴിയുന്നതായിരുന്നില്ല. ഇതോടെ ബിജെപി നേതാവ് വത്സരാജിന്റെ നേതൃത്വത്തിൽ നാട്ടുകാർ രംഗത്തിറങ്ങുകയും സാമ്പത്തിക സമാഹരണം നടത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം ആംബുലൻസിൽ കൊച്ചിയിലെ അമൃത ആശുപത്രിയിൽ എത്തിച്ചു. കരൾ മാറ്റി വെച്ചാൽ രക്ഷപ്പെടുത്താൻ കഴിയുന്ന നിലയിലല്ല ധന്യശ്രീയുടെ ശാരീരികാവസ്ഥയെന്ന് ഡോക്ടർമാർ വ്യക്തമാക്കി. തുടർന്ന് ധന്യശ്രീയെ കാസർകോട്ടെത്തിച്ച് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ബുധനാഴ്ച വൈകുന്നേരം ഇവിടെ വെച്ചായിരുന്നു മരണം. പൊലീസ് ഇൻക്വസ്റ്റിനും പോസ്റ്റുമോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. മാതാവ്: ഹരിണാക്ഷി. സഹോദരങ്ങൾ: ധൻവി, ധനുഷ്.