കണ്ണൂര്‍ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ അനസ്തേഷ്യ ഡോക്ടര്‍ ഇല്ലാത്തതിനാല്‍ പ്രസവ ശസ്ത്രക്രിയ നിലച്ചിട്ട് ആഴ്ചകള്‍. സംഭവത്തില്‍ പ്രതിഷേധിച്ച് പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി യോഗത്തില്‍ നിന്നും യുഡിഎഫ് അംഗങ്ങള്‍ ഇറങ്ങിപോയി.
ദിനം പ്രതി നിരവധി പേരെത്തുന്ന ആശുപത്രിയാണ് പേരാവൂര്‍ താലൂക്ക് ആശുപത്രി. പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ മുഴുവന്‍ പഞ്ചായത്തുകളിലെയും സാധാരണക്കാരുടെ ഏക ആശ്രയം കൂടിയാണ് ഈ ആശുപത്രി. എന്നാല്‍ പരിമിതമായ സേവനങ്ങള്‍ മാത്രമാണ് ആശുപത്രിയില്‍ ഇപ്പോള്‍ നിലവിലുള്ളത്.
പ്രസവ ശസ്ത്രക്രിയക്കായി നിരവധി പേരെത്തുന്ന ആശുപത്രിയില്‍ പ്രവര്‍ത്തനം നിലച്ചിട്ട് ആഴ്ചകള്‍ പിന്നിട്ടിട്ടും യാതൊരുവിധ നടപടികളും ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. കൂടാതെ എന്‍ടി,ഓര്‍ത്തോ വിഭാഗങ്ങളിലും നിലവില്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമല്ല.
ആശുപത്രിയില്‍ വര്‍ക്കിഗ് അറേഞ്ച്മെന്റില്‍ ഉണ്ടായിരുന്ന അനസ്തേഷ്യ ഡോക്ടര്‍ പോയതോടെയാണ് പ്രസവ ശസ്ത്രക്രിയ നിലച്ചത്. ഇവിടെയെത്തുന്ന ഗര്‍ഭിണികളെ ഇപ്പോള്‍ കണ്ണൂര്‍ തലശേരി എന്നിവിടങ്ങളിലെ ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുകയാണ്.
ഇത്തരം സംഭവങ്ങളില്‍ പ്രതിഷേധിച്ചാണ് പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി യോഗത്തില്‍ നിന്നും യുഡിഎഫ് അംഗങ്ങള്‍ ഇറങ്ങിപോയത്. ആശുപത്രിയില്‍ സൗകര്യം വര്‍ധിപ്പിക്കുന്നതിനായി പണിയുന്ന ബഹുനില കെട്ടിട നിര്‍മ്മാണം നിലച്ചിരിക്കുകയാണെന്നും ബ്ലോക്ക് പഞ്ചായത്ത് അംഗം ബൈജു വര്‍ഗീസ് പറഞ്ഞു.