നവരാത്രി ആഘോഷങ്ങളുടെ ഭാഗമായുള്ള ബൊമ്മക്കൊലു ഒരുക്കൽ വേറിട്ട ഒരു കാഴ്ച്ചയാണ്.നവരാത്രി കാലത്ത് വീടുകളിൽ ഒരുക്കുന്ന ബൊമ്മക്കൊലു ഐശ്വര്യവും സന്തോഷവും പ്രധാനം ചെയ്യുമെന്നാണ് വിശ്വാസം
നവരാത്രിയിൽ കാളിയുടെ തപസിന് പിന്തുണ അർപ്പിക്കാൻ വരുന്ന ദേവഗണത്തെ പ്രതിനിധീകരിക്കുന്നതാണ് ബൊമ്മക്കൊലു.
കേരളമൊഴികെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നവരാത്രി ആഘോഷവേളകളിൽ ഒഴിച്ച് കൂടാൻ പറ്റാത്തതാണ് ബൊമ്മക്കൊലു.കേരളത്തിൽ താമസിക്കുന്ന തമിഴ് തുളു ബ്രാഹ്മണരരും,കൊങ്ങിണി വംശജരും ബൊമ്മക്കൊലു ഒരുക്കാറുണ്ട്.
ബൊമ്മ എന്നാൽ പാവ എന്നും കൊലു എന്നാൽ പടികൾ എന്നുമാണ് അർത്ഥം. ദേവീദേവൻമാരുടെ വിഗ്രഹങ്ങൾ, രാമായണ കഥാപാതങ്ങൾ, ദശാവതാരങ്ങൾ, കൃഷ്ണലീലകൾ, ദുർഗ്ഗദേവി തുടങ്ങിയവയും നിത്യജീവിതവുമായി ബന്ധപ്പെട്ട മറ്റ് രൂപങ്ങളും ബൊമ്മക്കൊലു ഒരുക്കാൻ ഉപയോഗിക്കുന്നത്.
പടികൾ ഒറ്റയക്കത്തിലാണ് ഒരുക്കുക.ദുർഗ്ഗാഷ്ടമി മഹിഷാസുര നിഗ്രഹത്തിനായി സേവനാർത്ഥം ദേവിയെ സഹായിച്ച എല്ലാ ദേവീ ദേവൻമാരെയും അതേ രൂപത്തിൽ ആരാധിച്ചാൽ മാത്രമേ പൂർണ്ണ അനുഗ്രഹം ലഭിക്കൂ എന്നാണ് വിശ്വാസമെന്ന് മട്ടാഞ്ചേരിയിലെ വീട്ടിൽ 12 വർഷമായി ബൊമ്മക്കൊലു ഒരുക്കുന്ന ഹേമ ദേവി പറയുന്നു.
ആയിരത്തിലധികം ബൊമ്മകളെ ഉപയോഗിച്ചാണ് ഹേമദേവി ബൊമ്മക്കൊലു ഒരുക്കിയിരിക്കുന്നത്. ബൊമ്മക്കൊലു കാണാനെത്തുന്നവർക്ക് പ്രസാദവും സമ്മാനങ്ങളും നൽകിയാണ് മട്ടാഞ്ചേരി ടി.ഡി ഹൈസ്കൂളിലെ രസതന്ത്രം അധ്യാപിക കൂടിയായ ഹേമ ദേവി യാത്രയാക്കുന്നത്.