യൂട്യൂബര്‍ 'തൊപ്പി' വീണ്ടും അറസ്റ്റില്‍. മുഹമ്മദ് നിഹാദിനെ ശ്രീകണ്ഠപുരം തുമ്പേനിയിലെ കൊല്ലറക്കല്‍ സജി സേവ്യറിന്റെ പരാതിയിലാണ് അറസ്റ്റ് ചെയ്തത്. നിഹാദിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
കമ്പിവേലി നിര്‍മിച്ച് നല്‍കി ഉപജീവനം നടത്തുന്ന സജി സേവ്യറിനെ യൂട്യൂബിലൂടെ അശ്ലീല ചുവയോടെ നിരന്തരം അവഹേളിച്ചെന്നായിരുന്നു പരാതി.കമ്പിവേലി സ്ഥാപിക്കുന്ന സ്ഥലങ്ങളില്‍ ഫോണ്‍ നമ്പര്‍ എഴുതിവച്ച് കമ്പിവേലി നിര്‍മിച്ച് നല്‍കുമെന്ന ബോര്‍ഡ് സജി സേവ്യര്‍ സ്ഥാപിക്കുന്നത് പതിവാണ്. അത്തരത്തില്‍ കമ്പിവേലി നിര്‍മിച്ച് നല്‍കിയ സ്ഥലത്ത് സ്ഥാപിച്ച ബോര്‍ഡില്‍ നിന്ന് സജി സേവ്യറിന്റെ നമ്പര്‍ കണ്ടെത്തി ഫോണ്‍ വിളിച്ച് നിഹാദ് അശ്ലീല സംഭാഷണം നടത്തുകയും അതിന്റെ വീഡിയോ പകര്‍ത്തി യൂട്യൂബില്‍ പ്രചരിപ്പിക്കുകയുമായിരുന്നു.
ഇതിന് പിന്നാലെ നിരവധി പേര്‍ സജിയെ ഫോണില്‍ വിളിച്ച് അശ്ലീലം പറയാന്‍ തുടങ്ങിയിരുന്നു. ഇതേ തുടര്‍ന്ന് ഈ മാസം അഞ്ചിനാണ് സജി സേവ്യര്‍ ശ്രീകണ്ഠാപുരം പോലീസില്‍ പരാതി നല്‍കിയത്. ഐടി ആക്റ്റിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് നിഹാദിനെ അറസ്റ്റ് ചെയ്തത്.