Share this Article
വയനാട് ദുരിതബാധിതർക്ക് 4 കോടിരൂപയും സൗജന്യചികിത്സയും പ്രഖ്യാപിച്ച് ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ
Aster DM Healthcare has announced 4 crore rupees and free treatment for the victims of Wayanad

കേരളം കണ്ട ഏറ്റവും വലിയ ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ വിറങ്ങലിച്ചുനിൽക്കുന്ന വയനാട്ടിലെ ദുരിതബാധിതർക്ക് സഹായഹസ്തവുമായി ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ. ദുരന്തമുഖത്ത് പരിക്കേറ്റവർക്ക് ചികിത്സ നൽകുന്നതിന് പുറമെ, 4 കോടി രൂപയുടെ സഹായധനവും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതിൽ ഒന്നരക്കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് നൽകും. കൂടാതെ, വീടുകൾ നഷ്ടമായി ക്യാംപുകളിൽ കഴിയുന്നവരുടെ വീടുകൾ പുനർനിർമിക്കാൻ രണ്ടരക്കോടി രൂപയും ചെലവഴിക്കും.

വയനാട്ടിലെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ (പഴയ ഡിഎം വയനാട് ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) ദുരന്തത്തിലകപ്പെട്ട നിരവധിയാളുകൾ ചികിത്സയിലുണ്ട്. ഇവർക്ക് ചികിത്സ സൗജന്യമായിരിക്കുമെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. 

കേരളത്തിലെ ആസ്റ്റർ ആശുപത്രികളായ ആസ്റ്റർ മെഡ്സിറ്റി, ആസ്റ്റർ മിംസ് എന്നിവിടങ്ങളിൽ നിന്നുള്ള മെഡിക്കൽ സംഘം ദുരന്തബാധിത മേഖലയിൽ സജീവമാണ്. സർക്കാർ സംവിധാനങ്ങളും ഗവണ്മെന്റ് ആശുപത്രികളുമായി ചേർന്നാണ് ഇവിടുത്തെ ചികിത്സ ഏകോപിപ്പിക്കുന്നത്.

ചൂരൽമലയിലും മുണ്ടക്കൈക്ക് സമീപവും ആസ്റ്റർ വോളന്റിയേഴ്സിന്റെ സംഘം ദുരന്തമുണ്ടായ ആദ്യദിവസം മുതൽ രക്ഷാപ്രവർത്തനത്തിൽ സജീവമാണ്. ഇവർക്കൊപ്പം ഒരു സഞ്ചരിക്കുന്ന മെഡിക്കൽ യൂണിറ്റുമുണ്ട്.

ശുദ്ധമായ കുടിവെള്ളവും ഭക്ഷണവും ഉൾപ്പെടെയുള്ള ആവശ്യവസ്തുക്കളും സംഘം വിതരണം ചെയ്യുന്നു. ദേശീയ ദുരന്തനിവാരണ സേന നടത്തുന്ന പകരംവെയ്ക്കാനില്ലാത്ത രക്ഷാപ്രവർത്തനത്തിനൊപ്പമാണ് ആസ്റ്റർ വോളന്റീയർസ് പ്രവർത്തിക്കുന്നത്.

ഇതിനിടെ ആസ്റ്റർ ജീവനക്കാരെയും കാണാതായതായുള്ള വിവരവും പുറത്തുവന്നു. ഇവരെ എത്രയും വേഗം കണ്ടെത്തി വീടുകളിലേക്ക് സുരക്ഷിതമായി തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളിലാണ്.

ദുരന്തത്തിലകപ്പെട്ട ആസ്റ്റർ ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും അകമഴിഞ്ഞ പിന്തുണയും ചികിത്സാസൗകര്യങ്ങളും അവശ്യവസ്തുക്കളും ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ നൽകിവരികയാണ്.സാധ്യമായ മറ്റെല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഉറ്റവരെയും ഉടയവരെയും നഷ്‌ടമായ വയനാട്ടിലെ ജനങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.

ഈ വിഷമഘട്ടത്തിൽ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമാകാനും ദുരിതബാധിതർക്ക് ആധുനിക ചികിത്സ നൽകാനും അവസരമൊരുക്കിയ സംസ്ഥാന സർക്കാരിനോടുള്ള നന്ദിയും  അദ്ദേഹം അറിയിച്ചു. അടിയന്തരചികിത്സയ്ക്ക് ആവശ്യമായ കൂടുതൽ മെഡിക്കൽ ഉപകരണങ്ങൾ സർക്കാർ ലഭ്യമാക്കിയിട്ടുണ്ട്.

വയനാട്ടിലെ ജനങ്ങളെ സഹായിക്കാൻ സാധ്യമായ എല്ലാ വഴികളും തേടുമെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ അധികൃതർ അറിയിച്ചു. എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിലൂടെ ദുരന്തത്തെ ഒരുമിച്ച് അതിജീവിക്കുമെന്നും അവർ പ്രത്യാശ പ്രകടിപ്പിച്ചു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories