ജീവന്‍ തുടിക്കുന്ന ഒട്ടകത്തെ നിര്‍മിച്ച് തൃശൂർ കോടാലി സ്വദേശി നികേഷ് കണ്ണന്‍.. ഇരുമ്പുകമ്പികളും തെര്‍മോക്കോളും വെല്‍വെറ്റും ഉപയോഗിച്ച് എട്ടടിയോളം ഉയരത്തിലുള്ള ചലിക്കുന്ന ഒട്ടകത്തെയാണ് നികേഷ്‌കണ്ണന്‍ നിര്‍മിച്ചിരിക്കുന്നത്.
പോയവര്‍ഷങ്ങളില്‍ പല വലിപ്പത്തിലുള്ള ഒമ്പതോളം ഗജവീരന്മാരെ നിര്‍മിച്ചിട്ടുള്ള ഈ യുവകലാകാരന്‍ ജീവസുറ്റ ഒട്ടകത്തെ നിര്‍മിച്ചുകൊണ്ടാണ് ഇപ്പോൾ നാട്ടുകാരെ വിസ്മയിപ്പിച്ചിരിക്കുന്നത്. ഒട്ടകത്തിന്റെ രൂപം പലരും നിര്‍മിച്ചിട്ടുണ്ടെങ്കിലും ചലിക്കുന്ന ഒട്ടകം പുതുമയാണ്.
കോടാലി കുട്ടിയമ്പലം പരിസരത്തുള്ള നികേഷിന്റെ വീട്ടുമുറ്റത്ത് ഇപ്പോള്‍ മൂന്നാനകള്‍ക്കൊപ്പം തല ഉയര്‍ത്തി നില്‍ക്കുന്ന ഒട്ടകത്തേയും നാട്ടുകാര്‍ക്ക് കാണാം. നീണ്ട ഒരു മാസക്കാലത്തെ അധ്വാനത്തിനൊടുവിലാണ് ജീവനുള്ളതെന്ന് തോന്നിക്കുന്ന തരത്തില്‍ ഒട്ടകത്തെ ഈ യുവപ്രതിഭ രൂപപ്പെടുത്തിയെടുത്തത്.
ചെറുപ്പം മുതലേ ശില്‍പ്പനിര്‍മാണത്തിലും ചിത്രം വരയിലും അഭിരുചിയുള്ള നികേഷ് വലിയൊരു ആനപ്രേമി കൂടിയാണ്. കഴിഞ്ഞ വര്‍ഷം തുമ്പിക്കൈ ഉയര്‍ത്തുകയും ചെവികളാട്ടുകയും മസ്തകം കുലുക്കുകയും ചെയ്യുന്ന തരത്തിലുള്ള നിര്‍മിച്ച പത്തടി ഉയരമുള്ള കരിവീരനെയാണ് ഈ യുവാവ് സൃഷ്ടിച്ചത്.
ഈ കൊമ്പന് ഇരുവശത്തേക്കും കണ്ണുകള്‍ ചലിപ്പിക്കാനും കഴിയും. രണ്ടു ലക്ഷം രൂപയോളം ചെലവഴിച്ചാണ് മൂന്നുമാസം സമയമെടുത്ത് നികേഷ് ഈ കൊമ്പനാനയെ നിര്‍മിച്ചത്.
ഓട്ടോമൊബൈല്‍ പഠിച്ചതിന്റെ പിന്‍ബലമാണ് മൃഗങ്ങളുടെ രൂപങ്ങള്‍ക്ക് ചലനശേഷി നല്‍കാന്‍ നികേഷിനെ സഹായിച്ചത്. ആനക്കു പുറമെ ഈ വര്‍ഷം വ്യത്യസ്തതുള്ള നിര്‍മിതി ഒരുക്കണമെന്ന് ചിന്തയിലാണ് ഇപ്പോള്‍ ഒട്ടകം പിറവിയെടുത്തത്.
ഒട്ടകത്തിന്റെ നിര്‍മിതിക്കായി എണ്‍പതിനായിരത്തോളം രൂപയാണ് ചെലവഴിച്ചത്. പുറത്ത് രണ്ടുപേര്‍ക്ക് കയറിയിരിക്കാവുന്ന തരത്തിലാണ് ഒട്ടകത്തെ രൂപപ്പെടുത്തിയിട്ടുള്ളത്. നികേഷിന്‍രെ ജീവന്‍തുടിക്കുന്ന ആനകളേയും ഒട്ടകത്തേയും കാണാന്‍ നിരവധി പേര്‍ എത്തുന്നുണ്ട്.