Share this Article
image
കാലടി സര്‍വ്വീസ് റോഡില്‍ നിര്‍മ്മിച്ച പാലം തകര്‍ന്നു
Kalady Service Road Bridge Collapses

ദേശീയപാത വികസനത്തിന്റെ ഭാഗമായി എറണാകുളം കാലടി പന്തേ പാലത്ത് സര്‍വ്വീസ് റോഡില്‍ നിര്‍മ്മിച്ച പാലം തകര്‍ന്നു. കഴിഞ്ഞ ദിവസം പാലം ഒരു വശത്തേക്ക് ചരിയുകയായിരുന്നു. പാലം തകര്‍ച്ചയില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന ആവശ്യവുമായി യൂത്ത് ലീഗ് രംഗത്തെത്തി.

ദേശീയ പാതയില്‍ കാലടി പന്തേപാലം തോടിന് മുകളില്‍ നിര്‍മ്മിച്ചു കൊണ്ടിരിക്കുന്ന പാലമാണ് കഴിഞ്ഞ ദിവസം ഒരു വശത്തേക്ക് ചരിഞ്ഞ് തകര്‍ന്നത്.

സര്‍വ്വീസ് റോഡിന്റെ ഏതാനും ഭാഗങ്ങളും തകര്‍ന്നിട്ടുണ്ട്. ഇതോടെ കാലടി - നരിപറമ്പ് റോഡിലുള്ള വലിയ പാലത്തിന്റെ ഒരു ഭാഗത്ത് വിള്ളല്‍ രൂപപ്പെട്ടതായും നാട്ടുകാര്‍ പറഞ്ഞു.

ഏതാനും ദിവസം മുന്‍മ്പ് സര്‍വ്വീസ് റോഡില്‍ വിള്ളല്‍ രൂപപ്പെട്ടിരുന്നു. ഇത് ടാര്‍ ചെയ്തു മറയ്ക്കാനാണ് നിര്‍മ്മാണ കമ്പിനി ശ്രമിച്ചതെന്നും നാട്ടുകാര്‍ ആരോപിച്ചു.

നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന മറ്റു പ്രദേശങ്ങളിലും സമാന രീതിയില്‍ അപകട സാധ്യതയുള്ളതിനാല്‍ ബല പരിശോധന നടത്തുകയും വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സംഭവം  നടന്നയുടനെ റോഡ് ബ്ലോക്ക് ചെയ്ത് പെട്ടെന്ന് തന്നെ മണ്ണ് നീക്കി ആളുകളുടെ കണ്ണില്‍ പൊടിയിടാനാണ് റോഡ് നിര്‍മ്മാണ കമ്പനി ശ്രമിച്ചത്.

പ്രദേശത്തെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ പോലും പരിഗണിക്കാതെയുള്ള അശാസ്ത്രീയ നിര്‍മ്മാണ രീതികള്‍ ഇനിയും അപകടം ക്ഷണിച്ചു വരുത്തുമെന്നും, അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും തവനൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികളായ ഷാഫി അയങ്കലം, റഊഫ് വെള്ളാഞ്ചേരി, ഷംസു തവനൂര്‍ എന്നിവര്‍ ആവശ്യപ്പെട്ടു. പാലവും റോഡും തകര്‍ന്ന വിഷയത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്നും യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories