ശബരിമലയിൽ മകരവിളക്ക് തീർത്ഥാടനത്തിന് ആരംഭം. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ തീർത്ഥാടകർ ഇത്തവണ മകരവിളക്കുത്സവ സമയത്ത് എത്തുമെന്നാണ് ദേവസ്വം ബോർഡിന്റെ പ്രതീക്ഷ.
മകരവിളക്ക് തീർത്ഥാടനത്തിനായി കഴിഞ്ഞ ദിവസം വൈകിട്ട് നാലിനാണ് ശബരിമല ക്ഷേത്ര നടതുറന്നത്. ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യ കാർമികത്വത്തിൽ മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരി നടതുറന്നു.
തുടർന്ന് ശബരീശന്റെ വിഗ്രഹത്തിൽ ചാർത്തിയ വിഭൂതിയും താക്കോലും മേൽശാന്തിയിൽ നിന്നുമേറ്റുവാങ്ങിയ ശേഷം മാളികപ്പുറം മേൽശാന്തി ടി. വാസുദേവൻ നമ്പൂതിരി ഗണപതിയെയും നാഗരാജാവിനെയും തൊഴുത് മാളികപ്പുറം ശ്രീകോവിലും തുറന്നു.മേൽശാന്തി അരുൺകുമാർ നമ്പൂതിരി ആഴിയിൽ അഗ്നി പകർന്നതിന് ശേഷം അയ്യപ്പഭക്തർ പതിനെട്ടാം പടി ചവിട്ടി ദർശനം നടത്തി.
ശബരിമല എക്‌സിക്യൂട്ടിവ് ഓഫീസർ ബി. മുരാരി ബാബു, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബിജു വി. നാഥ് തുടങ്ങിയവർ ദർശനത്തിനെത്തി.മണ്ഡലമഹോത്സവം സമാപിച്ചശേഷം ഡിസംബർ 26ന് നടയടച്ചിരുന്നു.ജനുവരി 14നാണ് മകരവിളക്ക്. ജനുവരി 19 വരെ തീർത്ഥാടകർക്ക് ദർശനം സാധ്യമാകും. ജനുവരി 20ന് രാവിലെ നടയടയ്‌ക്കും.
അതേസമയം തീർത്ഥാടകരുടെ എണ്ണത്തിൽ വർധനവുണ്ടാകുമെന്നാണ് ദേവസ്വം ബോർഡിന്റെ പ്രതീക്ഷ. ദർശനത്തിന് എത്തുന്ന തീർത്ഥാടകർക്ക് ആവശ്യമായ ക്രമീകരണങ്ങളെല്ലാം സന്നിധാനത്ത് ഒരുക്കിയിട്ടുണ്ട്. മണ്ഡലകാലത്ത് ശബരിമലയിൽ എത്തിയ ഭക്തരുടെ എണ്ണത്തിലും വരുമാനത്തിലും വൻ വർധനവാണ് ഇത്തവണ ഉണ്ടായത് .