പത്ത് കോടി ചെലവഴിച്ചാണ് 1084 മീറ്റര്‍ നീളത്തില്‍ കടല്‍ഭിത്തി നിര്‍മിക്കുന്നത്. പൊന്നാനി മരക്കടവില്‍ 300 മീറ്റര്‍ ഭാഗത്തെ നിര്‍മ്മാണത്തിനാണ് ആദ്യഘട്ടത്തില്‍ തുടക്കമായത്. ഈ ഭാഗത്ത് 600 മീറ്റര്‍ ആണ് ആകെ കല്ലിടുക. ഇതില്‍ 100 മീറ്റര്‍ ഭാഗത്തെ പ്രവൃത്തികള്‍ നേരത്തെ തന്നെ പൂര്‍ത്തീകരിച്ചിരുന്നു. പാലപ്പെട്ടിയിലും കല്ലിടുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടും നിര്‍മ്മാണം വൈകുന്നതില്‍ പ്രതിഷേധം ശക്തമായിരുന്നു. നിര്‍മാണത്തിനാവശ്യമായ കല്ലുകള്‍ മരക്കടവ് ഭാഗത്ത് ശേഖരിച്ച് തുടങ്ങിയിട്ടുണ്ട്. പൊന്നാനി നഗരസഭയിലെ അലിയാര്‍ പള്ളി മുതല്‍ മരക്കടവ് വരെ 600 മീറ്ററും വെളിയങ്കോട് തണ്ണിത്തുറയില്‍ 234 മീറ്ററും പാലപ്പെട്ടി കടപ്പുറം ജുമാ മസ്ജിദ് ഭാഗത്ത് 250 മീറ്റര്‍ നീളത്തിലുമാണ് കടല്‍ഭിത്തി നിര്‍മ്മിക്കുക. മഴക്കാലത്തിന് മുമ്പേ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ശക്തമായ കടലാക്രമണ ഭീഷണി നേരിടുന സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ടുകളില്‍ ഒന്നാണ് ഈ പ്രദേശം. പൊന്നാനിയുടെ തീരസംരക്ഷണത്തിന് പ്രത്യേക പ്രാധാന്യം നല്‍കി കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ ഫണ്ടനുവദിക്കണമെന്ന് പി നന്ദകുമാര്‍ എംഎല്‍എ സര്‍ക്കാറിനോടാവശ്യപ്പെട്ടിരുന്നു.അതേ സമയം തീരത്ത് ടെട്രോ പോഡ് നിര്‍മ്മിക്കുന്നതിനുള്ള ഡിസൈന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ചിന്റെ നേതൃത്വത്തില്‍ തയ്യാറാവുന്നുണ്ട്.