Share this Article
വേദശാസ്ത്ര പണ്ഡിതന്‍ ഫാ.ഡോ.ടി ജെ ജോഷ്വ അന്തരിച്ചു
വെബ് ടീം
posted on 20-07-2024
1 min read
fr-dr-tj-joshua-passed

കോട്ടയം:വേദശാസ്ത്ര പണ്ഡിതനും കോട്ടയം ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരി മുന്‍ പ്രിന്‍സിപ്പലുമായ ഫാ.ഡോ.ടി.ജെ. ജോഷ്വ (95) അന്തരിച്ചു. എഴുത്തുകാരന്‍, പ്രഭാഷകന്‍, ദൈവശാസ്ത്ര ചിന്തകന്‍ എന്നീ നിലകളിലും പ്രശസ്തനായിരുന്നു അദ്ദേഹം. മലങ്കര സഭ 'ഗുരുരത്‌നം' ബഹുമതി നല്‍കി ആദരിച്ചിട്ടുണ്ട്. അറുപതിലേറെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പത്തനംതിട്ട ജില്ലയിലെ കോന്നി കൊന്നപ്പാറ തെക്കിനേടത്ത് വീട്ടില്‍ ടി.വി.ജോണിന്റെയും റാഹേലിന്റെയും മകനായി 1929 ലാണ് ജനനം. കോട്ടയം സിഎംഎസ് കോളജില്‍നിന്ന് ഇന്റര്‍മീഡിയറ്റും ആലുവ യുസി കോളജില്‍ നിന്ന് ബിഎയും കൊല്‍ക്കത്ത ബിഷപ്‌സ് കോളജില്‍നിന്ന് ബിഡിയും നേടിയ ശേഷം അമേരിക്കയിലെ യൂണിയന്‍ തിയോളജിക്കല്‍ സെമിനാരിയില്‍നിന്ന് എസ്ടിഎം ബിരുദം കരസ്ഥമാക്കി. ജറുസലമിലെ എക്യുമെനിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗവേഷണം നടത്തി. 1947 ല്‍ ശെമ്മാശപ്പട്ടം ലഭിച്ചു. 1956 ല്‍ വൈദികനായി. 1954 മുതല്‍ കോട്ടയം ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരിയില്‍ അധ്യാപകനായി. കാതോലിക്കാ ബാവ ഉള്‍പ്പെടെയുള്ള മെത്രാന്മാരുടെയും വൈദികരുടെയും ഗുരുവാണ്.

തുടർച്ചയായി മൂന്നു പതിറ്റാണ്ടിലേറെ മനോരമയിലെ   ഞായറാഴ്ചയിൽ   ‘ഇന്നത്തെ ചിന്താവിഷയം’ എന്ന പംക്തി എഴുതിയിരുന്നു. 

വിശുദ്ധനാട്ടില്‍, പ്രകാശത്തിലേക്ക്, ക്രിസ്തുവിലുള്ള സ്വാതന്ത്ര്യം, വിശുദ്ധ ഐറേനിയോസ്, അനുദിന ധ്യാനചിന്തക, ഓര്‍മകളുടെ ചെപ്പ്, 101 സ്വാന്തന ചിന്തകള്‍, 101 അമൂല്യ ചിന്തകള്‍, 101 പ്രബോധന ചിന്തകള്‍, ബൈബിളിലെ കുടുംബങ്ങള്‍, സങ്കീര്‍ത്തന ധ്യാനം തുടങ്ങിയവയാണ് പ്രധാന കൃതികള്‍. ഭാര്യ പരേതയായ മറിയാമ്മ (ആരോഗ്യവകുപ്പ് മുന്‍ ഡയറക്ടര്‍). മക്കള്‍ ഡോ. റോയി, ഡോ. രേണു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories