നിസ്കരിക്കാൻ പള്ളിയിലേക്ക് പോയ ഒമ്പതുകാരൻ അയൽവാസിയുടെ റിമോട്ട് ഗേറ്റിൽ കുടുങ്ങി മരിച്ചു., വിവരമറിഞ്ഞു മുത്തശ്ശി ഹൃദയാഘാതം മൂലം മരിച്ചു. ഇരട്ട മരണത്തിന്റെ ആഘാതത്തിൽ വിറങ്ങലിച്ചിരിക്കുകയാണ് വൈലത്തൂർ ചിലവിൽ ഗ്രാമം. ചിലവിൽ സ്വദേശി മുഹമ്മദ് സിനാൻ, വല്യുമ്മ ആസിയ ഹജ്ജുമ്മ എന്നിവരാണ് മരിച്ചത്. സിനാന്‍ ഗേറ്റില്‍ എങ്ങിനെ കുടുങ്ങിയെന്നത് വ്യക്തമായിട്ടില്ല.
വ്യാഴാഴ്ച വൈകുന്നേരമണ് അപകടം. അസർ നമസ്കാരത്തിന് പള്ളിയിലേക്ക് പുറപ്പെട്ട മുഹമ്മദ് സിനാനെ പിന്നീട് അയൽവാസിയിടെ ഓട്ടോമാറ്റിക് ഗേറ്റിൽ കഴുത്തു കുടുങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. അയൽവാസിയുടെ വീട്ടുമുറ്റം വഴി പോയാൽ എളുപ്പത്തിൽ എത്താം എന്നതിനാൽ ഇതുവഴി പോയപ്പോഴാണ് അപകടം ഉണ്ടായത്.
തുടര്‍ന്ന് ഉടൻ തന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താന്‍ സാധിച്ചില്ല. മരണ വിവരം അടുത്ത ബന്ധുക്കളെ അറിയിച്ചിരുന്നില്ല. പരിക്കേറ്റ കുട്ടി ചികിത്സയിലാണെന്നാണ് ആദ്യം ആസ്യ ഹജ്ജുമ്മ ഉള്‍പ്പടെയുള്ളവരോട് പറഞ്ഞിരുന്നത്.
രാത്രി കോട്ടക്കലിലെ ആശുപത്രിയിലെത്തിയതോടെ മരണ വിവരം അറിയുകയും ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ വച്ചു തന്നെ ആസിയ ഹജ്ജുമ്മയും മരിച്ചു.
വൈലത്തൂർ ചിലവിൽ സ്വദേശി അബ്ദുൽ ഗഫൂർ ആണ് സിനാന്റെ പിതാവ്. തിരൂര്‍ എം.ഇ.ടി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് സിനാന്‍. സിനാന്റെ മരണത്തില്‍ അനുശോചിച്ച് എം.ഇ.ടി സ്‌കൂളിന് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആസിയ ഹജ്ജുമ്മയും ഗഫൂറിനോപ്പമാണ് താമസം. റഷീദ്, മുഹിയുദ്ധീന്‍ എന്നിവരാണ് 60കാരിയായ ആസ്യ ഉമ്മയുടെ മറ്റ് മക്കള്‍. സിനാന്റേയും ഉമ്മയുടേയും മരണ വിവരം അറിഞ്ഞ് ഗള്‍ഫിലുള്ള റഷീദ് നാട്ടിലെത്തിയിട്ടുണ്ട്.