Share this Article
നഴ്സിങ് വിദ്യാർഥിനിയുടെ മരണത്തിൽ ദുരൂഹത; കമ്മിഷണർക്ക് പരാതി നൽകുമെന്ന് ബന്ധുക്കൾ; ആർക്കും പങ്കില്ലെന്ന് ആത്മഹത്യക്കുറിപ്പ്
വെബ് ടീം
posted on 18-12-2024
1 min read
lakshmi radhakrishnan

കോഴിക്കോട്: ‌മെഡിക്കൽ കോളജ് ഗവൺമെന്റ് നഴ്സിങ് കോളജിലെ രണ്ടാം വർഷ വിദ്യാർഥിനി ലക്ഷ്മി രാധാകൃഷ്ണന്റെ (20) മരണത്തിൽ കമ്മിഷണർക്ക് പരാതി നൽകാനൊരുങ്ങി ബന്ധുക്കൾ. മരണത്തിൽ   ദുരൂഹത ഉണ്ടെന്ന്  ബന്ധുക്കൾ ആരോപിച്ചു. സമഗ്ര അന്വേഷണം വേണമെന്നും കമ്മിഷണർക്കു പരാതി നൽകുമെന്നും ബന്ധു ഹരിപ്രസാദ് പറഞ്ഞു. ലക്ഷ്മി ആത്മഹത്യ ചെയ്യാനുള്ള സാഹചര്യമുണ്ടായിരുന്നില്ലെന്നും ഹരിപ്രസാദ് പറഞ്ഞു. 

ലക്ഷ്മിയുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി. നഴ്സിങ് കോളജിൽ മൃതദേഹം പൊതുദർശനത്തിനു വച്ചശേഷം കോട്ടയത്തേക്കു കൊണ്ടുപോയി.

ലക്ഷ്മിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടത്തുകയാണ്. സഹപാഠികളിൽനിന്നും ഹോസ്റ്റൽ നടത്തിപ്പുകാരിൽനിന്നും പൊലീസ് മൊഴിയെടുക്കും. വ്യക്തിപരമായ കാരണങ്ങളാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നാണു പ്രാഥമിക നിഗമനം.

ലക്ഷ്മിയെ ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ലക്ഷ്മി ഇന്നലെ ക്ലാസിൽ പോയിരുന്നില്ല. അസുഖമായതിനാൽ അവധിയെടുക്കുന്നുവെന്നാണ് ലക്ഷ്മി സുഹൃത്തുക്കളെ അറിയിച്ചത്. 11 മണിയോടെ മുറി വൃത്തിയാക്കാൻ ആൾ വന്നപ്പോൾ വാതിൽ തുറന്നില്ല. തുടർന്നു വാതിൽ തകർത്ത് മുറിയിൽ പ്രവേശിച്ചപ്പോഴാണ് ഫാനിൽ ഷാൾകെട്ടി തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടത്. മെഡിക്കൽ കോളജിനു പിൻവശത്തെ കെ.എം.കൃഷ്ണൻകുട്ടി റോഡിലെ സ്വകാര്യ ഹോസ്റ്റലിലാണ് ലക്ഷ്മി താമസിച്ചിരുന്നത്. മരണത്തിൽ ആർക്കും പങ്കില്ലെന്ന ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories