തിരുവനന്തപുരം: യുവതിയെ ദുരൂഹ സാഹചര്യത്തിൽ വാടകവീട്ടിനു സമീപമുള്ള റബ്ബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടാക്കട മുതിയാവിളയിൽ വാടകയ്ക്ക് താമസിക്കുന്ന മായാ മുരളി (39) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ഒപ്പം താമസിച്ചിരുന്നയാളെ പൊലീസ് തിരയുന്നുണ്ട്.
മായയുടെ ഭർത്താവ് 8 വർഷം മുൻപ് അപകടത്തിൽ മരിച്ചിരുന്നു. എട്ടു മാസമായി രഞ്ജിത്ത് എന്നയാൾക്കൊപ്പമായിരുന്നു മായയുടെ താമസം. ഇരുവരും നിയമപരമായി വിവാഹിതരായിരുന്നില്ലെന്നാണ് സൂചന. മായയും രഞ്ജിത്തും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നതായും വിവരമുണ്ട്. മായയ്ക്ക് രണ്ടു പെൺകുട്ടികളുണ്ട്.