നിലമ്പൂർ: രാഹുൽ ഗാന്ധി എം പി നിർമാണോദ്ഘാടനം ചെയ്യാനിരുന്ന റോഡുകൾ ഉദ്ഘാടനം ചെയ്ത് പി വി അൻവർ എംഎൽഎ. ഇന്ന് വൈകിട്ട് രാഹുൽ ഗാന്ധി ഉദ്ഘാടനം നടത്താനിരുന്ന പിഎംജിഎസ് വൈ റോഡുകളാണ് അൻവർ ഇന്നലെ വൈകിട്ട് ഉദ്ഘാടനം ചെയ്തത്. സംസ്ഥാന സർക്കാർ അറിയാതെയാണ് രാഹുൽ ഗാന്ധി റോഡ് ഉദ്ഘാടനം ചെയ്യാൻ ഒരുങ്ങിയതെന്നായിരുന്നു പി വി അൻവർ എം എൽ എ യുടെ വിമർശനം. എം എൽ എയുടെ നടപടി രാഷ്ട്രീയ പാപ്പരത്തമാണെന്ന് കോൺഗ്രസ് ആരോപിച്ചു.(PV Anwar inaugurated roads at Nilambur instead of Rahul Gandhi)
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ 25 കോടി വകയിരുത്തി നവീകരിക്കാനിരിക്കുന്ന റോഡുകളുടെ നിർമ്മാണോദ്‌ഘാടനമാണ് പി വി അൻവർ എം എൽ എ നടത്തിയത്. പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പ്രകാരം നവീകരിക്കുന്ന റോഡുകളുടെ ഉദ്‌ഘാടനത്തിനായി രാഹുൽ ഗാന്ധി എം പി മണ്ഡലത്തിൽ എത്തിയതിന് തൊട്ട് മുൻപായിരുന്നു എം എൽ എയുടെ ഉദ്ഘാടനം. നിലമ്പൂരിൽ നവകേരള സദസ് നടക്കാനിരിക്കെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ആണ് കോണ്ഗ്രസ് രാഹുൽ ഗാന്ധിയെ രംഗത്ത് ഇറക്കിയതെന്ന് പി വി അൻവർ എംഎൽഎ വിമർശിച്ചു.
എം പി ഉദ്ഘാടനം ചെയ്യുമ്പോൾ പരിപാടിയിൽ പങ്കെടുക്കേണ്ടിയിരുന്ന സ്ഥലം എംഎൽഎ രാഷ്ട്രീയ പാപ്പരത്തം കാണിച്ചെന്നായിരുന്നു കോണ്ഗ്രസ് നേതൃത്വത്തിന്റെ പ്രതികരണം.