വടക്കേ മലബാറിലെ ആചാരാനുഷ്ഠാന കലയായ തെയ്യം അവതരണം തൃശ്ശൂർ കൈപ്പമംഗലം വഞ്ചിപ്പുര കടൽ തീരത്തെത്തിയ ഭക്തരെ ആത്മ നിർവൃതിയിലലിയിച്ചു..കയ്പമംഗലം അയിരൂർ ചാപ്പക്കടവ് ഗുളികൻ- മുത്തപ്പൻ ഭഗവതി ക്ഷേത്രത്തിലെ മേടപ്പൂമുടി മഹോത്സവത്തോടനുബന്ധിച്ചാണ് കടൽ തീരത്ത് തെയ്യാട്ടം നടന്നത്.കയ്പമംഗലം വഞ്ചിപ്പുര കടൽ തീരത്ത് മുത്തപ്പനും, ഭഗവതിയും കളം നിറഞ്ഞാടിയതോടെ ഭക്തർക്ക് ആവേശമായി...
ആദ്യം നടന്ന മുത്തപ്പൻ വെള്ളാട്ടം നേരിൽ കാണുവാനും, മുത്തപ്പനെ വണങ്ങുവാനും കനത്ത മഴയെ അവഗണിച്ച് നിരവധി ഭക്തരാണ് ക്ഷേത്ര സന്നിധിയിലെത്തിയത്. രാത്രിയിലാരംഭിച്ച തെയ്യാവതരണം രാവിലെ വരെ നീണ്ടു നിന്നു.
പറശ്ശിനിക്കടവ് മടപ്പുരയിലെ മോഹനൻ മടയന്റെ മുഖ്യകാർമ്മികത്വത്തിൽ കലശക്കാരൻ സന്തോഷിന്റെ നേതൃത്വത്തിലാണ് തെയ്യം അവതരണം നടന്നത്. മുത്തപ്പനെ മലയിറക്കൽ,മുത്തപ്പന് വെള്ളാട്ടം, ഗുളികൻ വെള്ളാട്ടം, വീരൻ വീരാളി തെയ്യങ്ങൾ, ഭഗവതി തെയ്യം, ഗുളികൻ തെയ്യം, തുടങ്ങിയവ അരങ്ങേറി. ഒരു രാവ് മുഴുവൻ നീണ്ടുനിന്ന തെയ്യാട്ടം കാണാൻ നിരവധി പേരാണ് എത്തിയത്.