Share this Article
ഓണപ്പൂക്കളത്തിന് പൂക്കൾ ശേഖരിച്ച് വരുമ്പോൾ നടപ്പാലം തകർന്ന്‌ തോട്ടിൽവീണു വീട്ടമ്മ മരിച്ചു
വെബ് ടീം
posted on 07-09-2024
1 min read
HOUSEWIFE DIES

കൊല്ലം:ഓണപ്പൂക്കളത്തിനായി പൂക്കൾ ശേഖരിച്ച്‌ തിരികെവരുകയായിരുന്ന വീട്ടമ്മ കോൺക്രീറ്റ് നടപ്പാലം തകർന്ന്‌ തോട്ടിൽവീണു മരിച്ചു. പടിഞ്ഞാറെ കല്ലട ഐത്തോട്ടുവ പുല്ലാഞ്ഞിയിൽ വിഷ്ണുവിലാസത്തിൽ ഓമന(58)യാണ് മരിച്ചത്. മലയാറ്റുമുക്കിനു സമീപത്തെ തോടിനു കുറുകേയുള്ള 40 വർഷത്തോളം പഴക്കമുള്ള പാലം കടക്കുമ്പോൾ തകർന്നുവീണ് കോൺക്രീറ്റിന് അടിയിൽപ്പെടുകയായിരുന്നു.

തോടിന്റെ കരയിലാണ് ഇവരുടെ വീട്. വീട്ടിലേക്ക് പോകാനുള്ള ഏക വഴിയാണ് നടപ്പാലം. അത്തപ്പൂക്കളത്തിന് പൂക്കൾ ശേഖരിക്കുന്നതിനുപോയി തിരികെ വീട്ടിലേക്ക് വരുമ്പോഴാണ് അപകടമെന്ന് ബന്ധുക്കൾ പറഞ്ഞു. പാലത്തിന്റെ കോൺക്രീറ്റ് മൂന്നായി തകർന്ന് നിലംപൊത്തുകയായിരുന്നു.

ഏറെ വൈകിയും ഓമന വീട്ടിലെത്താതായതോടെ ഭർത്താവ് ശ്രീധരൻ ആചാരി അന്വേഷിച്ച് ഇറങ്ങുകയായിരുന്നു. നടപ്പാലം തകർന്നുകിടക്കുന്നതുകണ്ട് അദ്ദേഹം മറ്റുള്ളവരെ വിവരമറിയിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിൽ കോൺക്രീറ്റിന് അടിയിൽ കുടുങ്ങിയനിലയിൽ ഓമനയെ കണ്ടെത്തി. പുറത്തെടുത്ത് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മക്കൾ: വിഷ്ണു, മഞ്ജു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories