തൃശ്ശൂർ: നിക്ഷേപകരിൽ നിന്നും 42 കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ മൂന്നാം പ്രതി വടൂക്കര പാണഞ്ചേരി വീട്ടിൽ കൊച്ചുറാണി ജോയ് (62) അറസ്റ്റിൽ. തൃശൂരിൽ പ്രവർത്തിച്ചിരുന്ന ധനവ്യവസായ ബാങ്കേഴ്സ് എന്ന സ്ഥാപനത്തിന്റെ മറവിലാണ് പ്രതികൾ വൻ തോതിൽ പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപകരിൽ നിന്നും പണം സ്വീകരിച്ചിരുന്നത്. ഈ കേസിലെ രണ്ടാം പ്രതിയും സ്ഥാപന ഉടമയുമായ ജോയ് ഡി. പാണഞ്ചേരിയുടെ ഭാര്യയും സ്ഥാപനത്തിന്റെ പാർട്ണറുമാണ് കൊച്ചുറാണി.
ജോയ് ഡി. പാണഞ്ചേരിയെ ഇതിനുമുമ്പ് അറസ്റ്റ്ചെയ്ത് ഇപ്പോൾ ജയിലിൽ കഴിഞ്ഞുവരികയാണ്. കേസ് രജിസ്റ്റർ ചെയ്തതിനുശേഷം, കൊച്ചുറാണി ഒളിവിൽ പോകുകയും, മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയേയും സുപ്രീകോടതിയേയും സമീപിച്ചിരുന്നു. സുപ്രീംകോടതി മുൻകൂർ ജാമ്യം നിരസിച്ചതിനെത്തുടർന്ന് കൊച്ചുറാണി ഇന്ന് അന്വേഷണ ഉദ്യോഗസ്ഥനായ സിറ്റി സി-ബ്രാഞ്ച് അസി. കമ്മീഷണർ കെ.എ. തോമസ് മുമ്പാകെ കീഴടങ്ങുകയായിരുന്നു.
ഇവരുടെ മക്കളും സ്ഥാപനത്തിന്റെ പാർട്ണർമാരുമായ ഡേവിഡ് പാണഞ്ചേരി (35), ചാക്കോ പാണഞ്ചേരി (32) എന്നിവരും കേസിൽ പ്രതികളാണ്. തൃശൂർ കണിമംഗലം സ്വദേശിനിയുടേയും കുടുംബാംഗങ്ങളിൽ നിന്നുമായി 54 ലക്ഷത്തിലധികം രൂപ നിക്ഷേപമായി സ്വീകരിച്ച് തിരികെ നൽകിയില്ല എന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഈസ്റ്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. ഇതുവരെയായി പ്രതികൾക്കെതിരെ 125 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.