Share this Article
വെളളവും വൈദ്യുതിയും ഇല്ലാതെ കൂട്ടുപുഴ സംസ്ഥാനതിര്‍ത്തിയിലെ പോലീസ് ചെക്ക് പോസ്റ്റ്
Police check post at Kutupuzha

പ്രവര്‍ത്തനം തുടങ്ങി ആറുമാസമായിട്ടും കണ്ണൂര്‍ കൂട്ടുപുഴ സംസ്ഥാനതിര്‍ത്തിയിലെ പൊലീസ് ചെക്ക് പോസ്റ്റില്‍ വെളളവും വൈദ്യുതിയും ഇല്ല. 24 മണിക്കൂറും പ്രവര്‍ത്തിക്കേണ്ട ചെക്ക് പോസ്റ്റിനാണ് ഈ അവസ്ഥ.

അതിര്‍ത്തിയില്‍ 24 മണിക്കൂറും പൊലീസ് കണ്ണും കാതും തുറന്നുവെക്കേണ്ട പ്രദേശമാണിത്. ഇവിടെയാണ് പൊലീസ് വെള്ളവും വെളിച്ചവുമില്ലാതെ ബുദ്ധിമുട്ടുന്നത്. പത്ത് ലക്ഷം രൂപ ചിലവില്‍ കെട്ടിടം നിര്‍മ്മിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടും ചെക്ക്്പോസ്റ്റില്‍ ഇതുവരെ വൈദ്യുതി കണക്ഷന്‍ ലഭിച്ചിട്ടില്ല.

അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാം ഒരുക്കേണ്ട അതിര്‍ത്തിയില്‍ വെള്ളം പോലും ഇല്ലാത്ത ഈ അവസ്ഥയാണ്. ഏറെ കാത്തിരിപ്പിന് ശേഷമാണ് അതിര്‍ത്തിയില്‍ ചെക്ക് പോസ്റ്റിന് സ്ഥിരം സംവിധാനമായത്. വൈദ്യുതിയും വെള്ളവും ഒന്നും ഒരുക്കാതെ ആഘോഷമായാണ്  ഉദ്ഘാടന ചടങ്ങ് നടത്തിയത്.

ഒരു മാസംകൊണ്ട് എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ ആറുമാസമായിട്ടും യാതൊരു പുരോഗതിയും ഉണ്ടായില്ല. ഡ്യൂട്ടിക്കിടയില്‍ പ്രാഥാമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കണമെങ്കില്‍ സമീപത്തെ ആര്‍.ടി ചെക്ക് പോസ്റ്റ് ഓഫീസോ എക്സൈസ് ചെക്ക് പോസ്റ്റ് ഓഫീസോ ആശ്രയിക്കണം.

പോലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള പൊലീസുകാരേയാണ്  ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിക്ക് നിയോഗിക്കുന്നത്. കെട്ടിടത്തിന്റെ മുന്‍വശം ഷീറ്റ് ഇടാഞ്ഞതിനാല്‍ കനത്ത മഴയില്‍ വെള്ളം മുറിക്കുള്ളില്‍ കയറും. വാഹന പരിശോധനയ്ക്ക് വെയിലും മഴയുംകൊണ്ട് നില്‍ക്കണം.

പാലത്തിന് സമീപത്തെ വാഗമരച്ചുവട്ടിലാണ് പൊലീസ് ഇപ്പോള്‍ ആശ്വാസം കാണുന്നത്. ഇത്തരം ചെറിയ കാര്യങ്ങള്‍ പോലും പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയുന്നില്ലെന്നാണ് ആരോപണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories