കല്‍പ്പറ്റ: വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി. രാത്രി എട്ടുമണിയോടെയാണ് പ്രിയങ്ക സുല്‍ത്താന്‍ ബത്തേരിയില്‍ എത്തിയത്. അമ്മ സോണിയ ഗാന്ധിയും ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയും പ്രിയങ്കയ്ക്ക് ഒപ്പുമുണ്ട്. നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാഹുല്‍ ഗാന്ധി നാളെയെത്തും.
ഇതാദ്യമായാണ് സോണിയ ഗാന്ധി വയനാട്ടില്‍ എത്തുന്നത്. മകള്‍ കന്നിയങ്കത്തിനിറങ്ങുന്ന മണ്ഡലത്തില്‍ പത്രിക സമര്‍പ്പണത്തിനു സോണിയയുമുണ്ടാകും. രാഹുല്‍ ഗാന്ധി വയനാട്ടില്‍ രണ്ടു തവണ മത്സരിച്ചപ്പോഴും സോണിയ ഗാന്ധി എത്തിയിരുന്നില്ല. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ആദ്യമായി ജില്ലയിലെത്തുന്ന പ്രിയങ്കയ്ക്കൊപ്പം സോണിയ ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതൃത്വം മുഴുവനുമാണ് എത്തുന്നത്.
രണ്ട് കിലോമീറ്റര്‍ റോഡ്ഷോയോടെയാവും പ്രിയങ്കയുടെ പത്രികാസമര്‍പ്പണം. പരമാവധി പ്രവര്‍ത്തകരെ സംഘടിപ്പിച്ച് നാളത്തെ റോഡ് ഷോ വന്‍വിജയമാകാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ്. പാര്‍ട്ടിയുടെ അഞ്ച് എംഎല്‍എമാര്‍ക്കാണ് വയനാട്ടിലെ തെരഞ്ഞെടുപ്പ് ചുമതല. ചേലക്കരയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും കൊടിക്കുന്നില്‍ സുരേഷിനെയുമാണ് തെരഞ്ഞെടുപ്പ് നിരീക്ഷകരായി നിയോഗിച്ചിരിക്കുന്നത്. ബെന്നി ബെഹന്നാനും കെ സി ജോസഫിനുമാണ് പാലക്കാട് ചുമതല നല്‍കിയിരിക്കുന്നത്.