കോഴിക്കോട് പെട്രോൾ പമ്പിൽ ജീവനക്കാരന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് കവർച്ച നടത്തിയ സംഭവത്തിൽ തമിഴ്നാട്ടിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. അന്തർ സംസ്ഥാന മോഷണസംഘമാണ് ഇതിന് പിറകിലെന്ന് മുക്കം പൊലീസ് വ്യക്തമാക്കുന്നു. പ്രതികൾ എത്തിയത് തമിഴ്നാട് രജിസ്ട്രേഷൻ നമ്പറുള്ള ആൾട്ടോ കാറിലാണെന്ന് കണ്ടെത്തി. രാത്രികാലമോഷണങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പെട്രോൾ പമ്പുകൾക്ക് സംരക്ഷണം ആവശ്യപ്പെട്ട് ഉടമകൾ രംഗത്ത്.
ഇന്നലെ പുലർച്ചെ 2.15 ഓടെയാണ് ഓമശ്ശേരി മാങ്ങാപൊയിലിലെ എച്ച്.പി.സി.എൽ പെട്രോൾ പമ്പിൽ ജീവനക്കാരന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് മോഷണം നടന്നത്. മൂന്നരസംഘം മോഷണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം. പ്രതികൾ എന്ന് സംശയിക്കുന്ന രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും അവരല്ലെന്ന് കണ്ട് വിട്ടയച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തമിഴ്നാട് രജിസ്ട്രേഷൻ നമ്പറിലുള്ള ആൾട്ടോ കാറിലാണ് പ്രതികൾ എത്തിയതെന്ന് വ്യക്തമായത്. ഇതോടെയാണ് അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചത്. മേട്ടുപ്പാളയത്തെ പെട്രോൾ പമ്പിൽ സമാനമായ രീതിയിൽ കവർച്ച നടത്തിയത് ഇതേ സംഘമാണെന്ന് നിഗമനത്തിലാണ് മുക്കം പൊലീസ് ഉള്ളത്. അതിനിടെ പെട്രോൾ പമ്പുകളിൽ രാത്രികാല മോഷണങ്ങൾ പെരുകുന്ന പശ്ചാത്തലത്തിൽ സംരക്ഷണം ആവശ്യപ്പെട്ട് കോഴിക്കോട് ജില്ല പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ രംഗത്തെത്തി.
പൊലീസിന്റെ രാത്രികാല പട്രോളിങ് ശക്തിപ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം. അല്ലാത്തപക്ഷം രാത്രികാലങ്ങളിൽ ഉള്ള സേവനം നിർത്തിവയ്ക്കേണ്ടി വരുമെന്നും പെട്രോൾ പമ്പ് ഉടമകൾ മുന്നറിയിപ്പ് നൽകുന്നുണ്ട്.