ഇരുന്നും കിടന്നും ചെറിയപാറക്കെട്ടുകൾക്കിടയിലൂടെ പുനർജന്മ പുണ്യം തേടി ഭക്തർ പുനർജനി നൂണ്ടു. തൃശൂർ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിലെ പുനർജനി നൂഴലിന് നിരവധി ഭക്തരാണ് എത്തിയത്.ഇന്നലെയായിരുന്നു പുനര്‍ജനി നൂഴല്‍.
വെളുപ്പിന് അഞ്ച് മണിയോടെ ക്ഷേത്രത്തിൽ നിന്ന് നാമജപ ഘോഷയാത്രയോടെ ക്ഷേത്രം അധികാരികളും മേൽശാന്തിയും ഭക്തരും ഗുഹാമുഖത്തെത്തി. തുടര്‍ന്ന് പ്രത്യേക പൂജകൾ നടത്തി. ശേഷം ഗുഹയിലേക്കിട്ട നെല്ലിക്ക ഗുഹയുടെ അങ്ങേ കവാടത്തിലൂടെ നെല്ലിക്ക പുറത്തേക്ക് വന്നതോടെയാണ് പുനർജനി നൂഴൽ ആരംഭിച്ചത്.
വില്വാദ്രിനാഥ ക്ഷേത്രത്തിൽ നിന്നും ഏകദേശം രണ്ടര കിലോ മീറ്റർ കിഴക്ക് വില്വാമലയിലാണ് പുനർജ്ജനി ഗുഹ സ്ഥിതി ചെയ്യുന്നത്. പുനർജ്ജനി നൂഴുന്നതിലൂടെ പൂർവജന്മങ്ങളിലേയും, ഈ ജന്മത്തെയും പാപങ്ങൾ ഒടുങ്ങി മോക്ഷ പ്രാപ്തി കൈവരുമെന്നാണ് വിശ്വാസം. അത്യന്തം ദുഷ്‌കരവും ഇടുങ്ങിയതുമായ വഴിയിലൂടെയാണ് ഭക്തർ പുറത്തെത്തുക.കിഴക്കേ നടയിലൂടെ കിഴക്കോട്ട് നടന്നു ചെന്നാൽ ഗുഹാമുഖത്തെത്താനാകും. പുനർജനി നൂഴുന്ന ദിവസം മാത്രമേ ആളുകൾ തിരുവില്വാമലയിലെ കാടിനുള്ളിൽ കയറാറുള്ളൂ.
നടന്നെത്താനാകാത്തവർ മലേശമംഗലം റോഡിലൂടെ ഫോറസ്റ്റ് എയ്ഡ് പോസ്റ്റിന് പിറകിലുള്ള വഴിയിലൂടെയും ഗുഹാമുഖത്തെത്താം.ആയിരത്തോളം ആളുകൾക്ക് മാത്രമാണ് പുനർജ്ജനി നൂഴലിന് അവസരമുള്ളത്. ഫയർഫോഴ്സും പോലീസും ആവശ്യമായ സുരക്ഷാസംവിധാനങ്ങൾ ഒരുക്കി സജ്ജമായിരുന്നു.