കൊച്ചി: ആലുവയില്‍ വാഹനം തടഞ്ഞുനിര്‍ത്തി ദമ്പതിമാരെ മര്‍ദിച്ച് കാറും പണവും തട്ടിയെടുത്തതായി പരാതി. ആലുവ റൂറല്‍ എസ്.പി. ഓഫീസിന് സമീപം അസീസി കവലയില്‍ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. തട്ടിയെടുത്ത കാര്‍ പിന്നീട് മറ്റൊരിടത്ത് പഞ്ചറായി ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. സംഭവത്തില്‍ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ക്കായി അന്വേഷണം തുടരുകയാണ്.
പുത്തനങ്ങാടി സ്വദേശി ജൊക്കി, ഭാര്യ ഷൈനി എന്നിവര്‍ക്ക് നേരേയാണ് കഴിഞ്ഞദിവസം രാത്രി ആക്രമണമുണ്ടായത്. വാഹനം തടഞ്ഞുനിര്‍ത്തി ദമ്പതിമാരെ മര്‍ദിച്ചശേഷം ഇവരുടെ മൊബൈല്‍ഫോണും അറുപതിനായിരം രൂപയും കവര്‍ന്നതായാണ് പരാതി. പിന്നീട് വാഹനവും തട്ടിയെടുത്ത് പ്രതി കടന്നുകളയുകയായിരുന്നു. ബഹളംകേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും അക്രമി രക്ഷപ്പെട്ടിരുന്നു. പരിക്കേറ്റ ദമ്പതിമാരെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഷഫീഖ് എന്ന സ്ഥിരംകുറ്റവാളിയാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍. ഇയാള്‍ ലഹരിക്കടിമയാണെന്നും പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായും പോലീസ് പറഞ്ഞു