ബോവിക്കാനം: ഭർതൃമതിയായ യുവതിയെ ദുരൂഹസാഹചര്യത്തിൽ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൊവ്വൽ ബെഞ്ച്കോടതിയിലെ പി.എ. ജാഫറിന്റെ ഭാര്യ അലീമ (35) ആണ് മരിച്ചത്.
സംഭവത്തിനു പിന്നാലെ ഭർത്താവ് ജാഫർ ഒളിവിൽ പോയതായി പൊലീസ് അറിയിച്ചു. കാസർകോട് നഗരത്തിലെ വാച്ച് കട നടത്തുന്നയാളാണ് ജാഫർ. മരണത്തിൽ ദുരൂഹത ഉണ്ടെന്നും ജാഫർ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് മർദിക്കുന്നതായി അലീമ പറഞ്ഞിട്ടുണ്ടെന്നും ബന്ധുക്കൾ പൊലീസിനു മൊഴി നൽകി. ചൊവ്വാഴ്ച രാത്രി ജാഫറും അലീമയും തമ്മിൽ വഴക്കു നടന്നിരുന്നതായി പൊലീസ് പറഞ്ഞു. അതിനു പിന്നാലെയാണു രാത്രി 11.50ഓടെ അലീമയെ കുളിമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഉടനെ ചെർക്കള കെകെ പുറത്തെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ആദൂർ എസ്കെ കെ.വിനോദ് കുമാറിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റിനു ശേഷം പരിയാരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.