ഇടുക്കി വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ വിധിക്കെതിരെ കുടുംബം ഹൈക്കോടതിയിൽ നൽകിയ അപ്പീലിൽ സർക്കാർ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാത്തതിനാൽ വാദം തുടങ്ങാനായില്ല. പ്രതിയെ കോടതി വെറുതെ വിട്ടിട്ട് ഒരു വർഷം തികഞ്ഞു.
2021 ജൂണ്‍ മുപ്പതിനാണ് ചുരക്കുളം സ്വദേശിയായ ആറു വയസ്സുകാരിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയതെന്ന് കണ്ടെത്തി.സമീപവാസിയായ അര്‍ജുനെ പോലീസ് അറസ്റ്റ് ചെയ്തു.
രണ്ടര വര്‍ഷത്തിനു ശേഷം കഴിഞ്ഞ ഡിസംബര്‍ 14 ന് കട്ടപ്പന അതിവേഗ സ്‌പെഷ്യല്‍ കോടതി വിധി കേരളത്തെ ഒന്നാകെ ഞെട്ടിച്ചു.അര്‍ജുനെ കുറ്റവിമുക്തനാക്കി ഉത്തരവ് പുറത്ത് വന്നു. അന്വേഷണത്തിലെ പോലീസ് വീഴ്ച്ചകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ ഉത്തരവ്.
പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് പെണ്‍കുട്ടിയുടെ പിതാവിനും അടുത്ത ബന്ധുക്കള്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടു നല്‍കിയ ഉറപ്പാണ് നടക്കാതെ പോയത്. പെണ്‍കുട്ടിയുടെ കുടുംബം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയതിന് പിന്നാലെയാണ് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിക്കൊപ്പം കുടുംബാംഗങ്ങള്‍ മുഖ്യമന്ത്രിയെ നേരില്‍ സന്ദര്‍ശിച്ചത്. കുടുംബത്തിന് മുഖ്യമന്ത്രി പൂര്‍ണപിന്തുണ അറിയിച്ചു.
സര്‍ക്കാരിന്റെ ആവശ്യപ്രകാരം പ്രോസിക്യൂട്ടറായി നിയമിക്കാന്‍ മൂന്ന് പേരുടെ പേരുകള്‍ നല്‍കിയിട്ടുണ്ട്.പ്രതി അര്‍ജുന്‍ തന്നെയെന്ന് ഇപ്പോഴും ഉറച്ച് വിശ്വസിക്കുന്നു മാതാപിതാക്കളും ബന്ധുക്കളും. അര്‍ജുന്റെ കുടുംബത്തിന്റെ ഭീഷണിയുള്ളതായി പെണ്‍കുട്ടിയുടെ മാതാവ് പറഞ്ഞു . പൊലീസിന്റെ വീഴ്ച മൂലമാണ് വിചാരണ കോടതിയില്‍ നിന്നു പ്രതി രക്ഷപെട്ടതെന്ന് തെളിയിക്കാനാണ് കുടുംബത്തിന്റെ ശ്രമം.