കൊല്ലം: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽനിന്നു 20 കോടി രൂപ തട്ടിയെന്ന പരാതിയിൽ ധന്യ മോഹൻ കീഴടങ്ങി. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തിയാണ് ധന്യ കീഴടങ്ങിയത്.
വൈദ്യ പരിശോധനക്കായി അവരെ ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോയി. വലപ്പാട് മണപ്പുറം ഫിനാൻസ് ലിമിറ്റഡിലെ അസിസ്റ്റന്റ് ജനറൽ മാനേജറായ ധന്യ കൊല്ലം തിരുമുല്ലവാരം സ്വദേശിനിയാണ്. 18 വർഷമായി ഇവിടെ ജോലി ചെയ്യുകയാണ് ഇവർ. ഇത്രയും കാലം തിരുപഴഞ്ചേരി അമ്പലത്തിനടുത്തുള്ള വീട്ടിലാണ് യുവതി താമസിച്ചിരുന്നത്. 2019മുതൽ തട്ടിപ്പു തുടങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്.വ്യാജ ലോണുകൾ ഉണ്ടാക്കി കമ്പനിയുടെ ഡിജിറ്റൽ പേഴ്സണൽ ലോൺ അക്കൗണ്ടിൽ നിന്ന് ഇവരുടെ അച്ഛന്റെയും സഹോദരന്റെയും അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്താണ് ഇത്രയും വലിയ തുകയുടെ തട്ടിപ്പ് നടത്തിയത്. പിടിയിലാവുമെന്ന് ഉറപ്പായപ്പോൾ, ശാരീരികാസ്വാസ്ഥ്യം അഭിനയിച്ച ധന്യ ഓഫിസിൽ നിന്നിറങ്ങി രക്ഷപ്പെടുകയായിരുന്നു.
ഈ പണമുപയോഗിച്ച് യുവതി ആഡംബര വസ്തുക്കളും വീടും സ്ഥലവും വാങ്ങിയെന്നാണ് വിവരം.
റമ്മി കളിക്കുന്നതിനും ആഢംബര ജീവിതം നയിക്കാനുമായിരുന്നു ധന്യ തട്ടിപ്പ് നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.
ഇരുപത് കൊല്ലത്തെ വിശ്വാസം മുതലെടുത്താണ് അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍ ധന്യാ മോഹന്‍ 19.94 കോടി രൂപ തട്ടിയെടുത്തെന്നാണ് പൊലീസിന്‍റെ പ്രാഥമിക കണ്ടെത്തല്‍. മണപ്പുറം കോംപ്ടെക് ആന്‍റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡിന്‍റെ സിസ്റ്റം നിയന്ത്രണം മുഴുവന്‍ ധന്യാ മോഹന്‍റെ കൈയ്യിലായിരുന്നു. ധന്യയുടെയും മറ്റ് നാലു കുടുംബാംഗങ്ങളുടെയും അക്കൗണ്ടിലേക്ക് അഞ്ചു കൊല്ലത്തിനിടെ എണ്ണായിരം ഇടപാടുകളിലൂടെയാണ് പണം ഒഴുകിയത്.