ശബരിമലയിലെത്തുന്ന അയ്യപ്പ ഭക്തർക്ക് ആരോഗ്യ രംഗത്ത് ആശ്വാസമേകി സന്നിധാനം ആയുർവേദ ആശുപത്രി. മണ്ഡലകാലത്ത് മാത്രം നാൽപ്പത്തിയേഴായിരത്തോളം പേർക്കാണ് ഇവിടെ ചികിത്സ ലഭ്യമാക്കിയത്.
മല കയറി വരുന്ന അയ്യപ്പന്മാർ പേശി വലിവ്, പനി, ചുമ, കഫക്കെട്ട് തുടങ്ങിയ പ്രശ്നങ്ങളുമായാണ് ആയുർവേദ ആശുപത്രിയിലെത്തുന്നത്. പേശിവലിവുമായി എത്തുന്നവർക്ക് അഭ്യംഗമുൾപ്പെടെ പലവിധ ആയുർവേദ ചികിത്സകൾ ഇവിടെ ചെയ്തുവരുന്നുണ്ട്. കഫക്കെട്ടുള്ളവർക്ക് സ്റ്റീമിങ്, നസ്യം തുടങ്ങിയ ചികിത്സകളു നൽകുന്നുണ്ട്.
മകരവിളക്ക് മഹോത്സവ ദിനങ്ങളിലേക്ക് ആയുർവേദ ആശുപത്രി കൂടുതൽ മരുന്നുകൾ സംഭരിക്കുന്നുണ്ടെന്നും പൂർണ്ണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടുള്ള മരുന്ന് വിതരണമാണ് ആശുപത്രി പിൻതുടരുന്നതെന്നും പ്ലാസ്റ്റിക് പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ടെന്നും ഡോ മനേഷ് കുമാർ അറിയിച്ചു.
ഔഷധിയാണ് മരുന്നുകൾ നൽകുന്നത്. ഐ.എസ്.എം ഡിപ്പാർട്ട്മെന്റിൽ നിന്നും നാഷണൽ ആയുഷ് മിഷനിൽ നിന്നും കൂടുതൽ ജീവനക്കാർ വരും ദിനങ്ങളിൽ സന്നിധാനത്ത് എത്തിച്ചേരും.