കോൺഗ്രസ് വിമതർ ഭരിക്കുന്ന സഹകരണ ബാങ്കിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്. കോഴിക്കോട് ചേവായൂർ സർവീസ് സഹകരണ ബാങ്കിലേക്കാണ് മാർച്ച് സംഘടിപ്പിച്ചത്.
ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അനധികൃത നിയമനം നടത്തുന്നു എന്ന് ആരോപിച്ചായിരുന്നു മാർച്ച്.
പരമ്പരാഗതമായി കോൺഗ്രസ് ഭരിക്കുന്ന ചേവായൂർ സർവീസ് സഹകരണ ബാങ്കിൽ വിമതനീക്കം നടക്കുന്നതായുള്ള ആരോപണത്തെ തുടർന്ന് ഭരണസമിതിയിലെ 7 ഡയറക്ടർ ബോർഡ് അംഗങ്ങളെയും കോഴിക്കോട് ജില്ല കോൺഗ്രസ് നേതൃത്വം സസ്പെൻഡ് ചെയ്തിരുന്നു.
ഡിസിസിയുടെ നിർദ്ദേശം ലംഘിച്ച് സിപിഐഎമ്മുമായി കൈകോർത്ത് നിലവിലെ ഭരണസമിതി നവംബറിൽ തെരഞ്ഞെടുപ്പ് നടത്താൻ നീക്കം നടത്തുന്നു എന്നതാണ് ആരോപണം. അതിനിടെ ബാങ്കിൽ കഴിഞ്ഞ രണ്ട് ദിവസമായി ഇൻ്റർവ്യൂ നടക്കുകയും ചെയ്തു.
ബാങ്ക് ചെയർമാൻ ജി.സി.പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിൽ അനർഹരെ തിരുകികയറ്റാനാണ് ശ്രമമെന്ന് ആരോപിച്ചാണ് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയത്. മാർച്ച് എൻ.എസ്.യു ദേശീയ ജനറൽ സെക്രട്ടറി കെ.എം.അഭിജിത്ത് ഉദ്ഘാടനം ചെയ്തു.
ബാങ്കിന് മുമ്പിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
പൊലീസ് സുരക്ഷയിൽ ഇൻ്റർവ്യൂ നടക്കുകയും ചെയ്തു. വരുംദിവസങ്ങളിലും ചേവായൂർ സർവീസ് സഹകരണ ബാങ്ക് സമരങ്ങൾക്ക് സാക്ഷിയാകും എന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ നൽകുന്ന സൂചന.