കാസറഗോഡിൽ ,വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ മത്സ്യ വില്പനക്കാരിക്ക് എതിരെ കേസ്.ചെറുവത്തൂര്‍ മടിവയലിലെ സി ഷീബയെയാണ് ചന്തേര പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റമാണ് ചുമത്തിയത്.
കഴിഞ്ഞ സെപ്റ്റംബര്‍ ആറാം തീയതിയാണ് കാടങ്കോട് ജയ്ഹിന്ദ് വായനശാലക്ക് സമീപത്തെ കെട്ടിടത്തില്‍ പ്രകാശനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പലപ്പോഴായി വില്പനക്കുള്ള മത്സ്യം നല്‍കിയ വകയില്‍ ഷീബ പ്രകാശിന് പണം നല്‍കാന്‍ ഉണ്ടായിരുന്നു. പണം നല്‍കാത്തത് പൊതുജനമധ്യത്തില്‍ ചോദ്യം ചെയ്തതിന് പിന്നാലെ ഷീബ പ്രകാശത്തിനെതിരെ പോലീസില്‍ പരാതി നല്‍കി.
ഹാര്‍ബറില്‍ ആള്‍ക്കൂട്ടത്തിന് ഇടയില്‍ പ്രകാശനും സുഹൃത്ത് മുത്തലിബും അടിയ്ക്കാനായി വന്നുവെന്നും ജാതിപ്പേര് വിളിച്ച് അപമാനിച്ചു എന്നുമായിരുന്നു പരാതി. ഇതില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയായിരുന്നു പ്രകാശന്റെ ആത്മഹത്യ.
'ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല, എന്നിട്ടും കേസ് തീര്‍ക്കാന്‍ രണ്ടര ലക്ഷം ചോദിക്കുന്നു, എന്റെ ഈ ഗതി മറ്റൊരാള്‍ക്കും ഉണ്ടാകാന്‍ പാടില്ല' എന്നാണ് പ്രകാശന്‍ അവസാനമായി എഴുതിയ കുറിപ്പില്‍ പറയുന്നത്.
കിട്ടാനുള്ള പണം ചോദിച്ചതില്‍ ഷീബ പോലീസില്‍ വ്യാജ പരാതി നല്‍കി എന്നും, പിന്നീട് പരാതി പിന്‍വലിക്കാന്‍ ലക്ഷങ്ങള്‍ ആവശ്യപ്പെട്ടുവെന്നും ഇതിലുള്ള മനോവിഷമത്തിലാണ് പ്രകാശന്‍ ആത്മഹത്യ ചെയ്തതെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.
ഇത്തരത്തില്‍ പലരെയും ഇവര്‍ ഭീഷണിപ്പെടുത്തിയതായാണ് സൂചന.പണം വാങ്ങി കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ച മൂന്ന് പേരെയും പോലീസ് ചോദ്യം ചെയ്തിരുന്നു. ഷീബക്കെതീരെ തെളിവുകള്‍ ലഭിച്ചതോടെയാണ് മടിവയലിലെ വീട്ടിലെത്തി കസ്റ്റഡിയില്‍ എടുത്തത്. കോടതിയിൽ ഹാജരാക്കിയ ഷീബയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.