Share this Article
തീര്‍ത്ഥാടകര്‍ക്ക്ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ഇടുക്കി തേനി അന്തര്‍സംസ്ഥാനയോഗം ചേര്‍ന്നു
The Idukki Theni Inter-State Conference

ശബരിമല മണ്ഡലകാലത്തോടനുബന്ധിച്ചു തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകര്‍ക്ക്ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് ഇടുക്കി തേനി അന്തര്‍സംസ്ഥാനയോഗം ചേര്‍ന്നു. ഇടുക്കി ജില്ലാ കളക്ടര്‍ വി വിഘ്നേശ്വരി തേനി കളക്ടര്‍ ആര്‍ വി ഷാജീവന എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. 

തേക്കടി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ജില്ലയിലെ വിവിധ വകുപ്പ് മേധാവികളും ഉദ്യോഗസ്ഥരും പങ്കെടുത്തു. യോഗത്തില്‍ കഴിഞ്ഞ വര്‍ഷത്തെ പോലെ ഇക്കൊല്ലവും ശബരിമല തീര്‍ത്ഥാടനത്തിനെത്തുന്ന ഭക്തജനങ്ങളുടെ സുരക്ഷയ്കായുള്ള പ്രവര്‍ത്തനങ്ങള്‍ തമിഴ്‌നാട്-കേരള സര്‍ക്കാരിന്റെ സംയുക്തഭിമുഖ്യത്തില്‍ നടപ്പിലാക്കുമെന്ന് കളക്ടര്‍മാര്‍ പറഞ്ഞു.

തമിഴ്‌നാട് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പുല്ലുമേട് പ്രദേശത്ത് പോലീസ് ഉദ്യോഗസ്ഥരെ പ്രത്യേകം നിയോഗിക്കും. ഇതോടൊപ്പം കമ്പം തേക്കടി റൂട്ടില്‍ പട്രോൾ ടീമിനെയും നിയോഗിക്കും. കൂടാതെ മെഡിക്കല്‍ ടീമിനെയും പ്രധാന പോയിന്റുകളില്‍ ആംബുലന്‍സുകളും സജ്ജീകരിക്കുമെന്നും തേനി കളക്ടര്‍ പറഞ്ഞു.

കളക്ടറേറ്റിലും, താലൂക്കുകളിലും കൺട്രോൾ റൂമുകള്‍ സജ്ജീകരിച്ചുകഴിഞ്ഞു. എല്ലാ വകുപ്പുകളിലും ഇത്തരത്തില്‍ കൺട്രോൾ റൂമുകള്‍ എത്രയും വേഗം സജ്ജകരിക്കണമെന്നും ഇടുക്കി കളക്ടര്‍ നിർദ്ദേശം നൽകി. ഈ വര്‍ഷം തിരക്കുകൂടുന്ന സാഹചര്യത്തില്‍ ആവശ്യമെങ്കില്‍ മാത്രം ബൈറൂട്ട് സംവിധാനം ഏര്‍പ്പെടുത്തുമെന്നും കളക്ടര്‍ പറഞ്ഞു.മണ്ഡലകാലത്തോട്അനുബന്ധിച്ച് വിവിധ വകുപ്പുകളുടെയും പഞ്ചായത്തുകളുടെയും നേതൃത്വത്തില്‍ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ വിലയിരുത്തി.

മോട്ടോര്‍ വാഹന വകുപ്പിന്റെയും എക്സൈസ് വകുപ്പിന്റെയും സ്‌ക്വാഡുകളുടെ പരിശോധന കര്‍ശനമാക്കും. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ 3 സ്ഥലങ്ങളില്‍ അത്യാഹിത വിഭാഗവും വണ്ടിപെരിയല്‍, കുമളി എന്നിവിടങ്ങളില്‍ ഒ പി വിഭാഗത്തിന്റെ സേവനവും ഒരുക്കും. ഇതോടൊപ്പം ഈ വര്‍ഷം സീതകുളത്ത് പ്രത്യേക ഓക്‌സിജന്‍ സപ്ലൈ യൂണിറ്റ് സ്ഥാപിക്കുന്നതിനും യോഗത്തില്‍ തീരുമാനമായി.

യാത്രസൗകര്യം സുഖമമാകുന്നതിനായി  പ്രത്യേക പമ്പ ബസുകൾ കെ എസ് ആര്‍ ടി സി യുടെ നേതൃത്വത്തിൽ സര്‍വീസ് നടത്തും. ശുചിത്വമിഷന്റെയും പഞ്ചായത്തുകളുടെയും നേതൃത്വത്തില്‍ താല്‍കാലിക ശൗചാലയങ്ങള്‍ ഒരുക്കും. ഇതോടൊപ്പം പ്ലാസ്റ്റിക് ബാഗുകള്‍ക്ക്പകരം തുണിസഞ്ചികള്‍ നല്‍കുന്നതിനുള്ള സജ്ജീകരണം ഒരുക്കും.

സപ്ലൈക്കോ , ലീഗല്‍ മെട്രോളജി , ഫുഡ് സേഫ്റ്റി വകുപ്പുകള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ മേഖലയില്‍ പരിശോധനകള്‍ ശക്തമാക്കും.ഇടുക്കി ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ്, തേനി എസ് പി ശിവപ്രസാദ്, എ ഡി എം ഷൈജു പി ജേക്കബ്ബ്, കോട്ടയം ഡി എഫ് ഒ എന്‍ രാജേഷ്,  വിവിധ വകുപ്പ് തല മേധാവികള്‍, ഉദ്യോഗസ്ഥര്‍ തദ്ദേശസ്വയംഭരണസ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവർ യോഗത്തില്‍ പങ്കെടുത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories