ഓണത്തെ വരവേല്‍ക്കാന്‍ ചെണ്ടുമല്ലിത്തോട്ടമൊരുക്കി പാലാ മീനച്ചിലിലെ തൊഴിലുറപ്പ് തൊഴിലാളികള്‍. ആയിരത്തില്‍പരം ചെണ്ടുമല്ലി ചെടികളാണ് ഇവിടെ പൂത്തുലഞ്ഞു നില്‍ക്കുന്നത്.
മീനച്ചിലിലെ റോസ് ഗാര്‍ഡനിലെത്തിയാല്‍ എങ്ങും മഞ്ഞവസന്തമാണ്. ഇരുപത് സെന്റ് സ്ഥലത്ത് ഇരുപ്പത്തിയഞ്ച് തൊഴിലുറപ്പ് തൊഴിലാളികള്‍ ചേര്‍ന്നാണ് പൂന്തോട്ടമൊരുക്കിയിരിക്കുന്നത്. കോട്ടയം ജില്ലയില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ നേരിട്ട് കൃഷി ചെയ്ത് ആരംഭിച്ച ആദ്യ പൂന്തോട്ടമാണിത്.
മീനച്ചില്‍ പഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനിയുടേയും മെമ്പര്‍ സോജന്‍ തോടുകയുടെയും മനസ്സില്‍ ഉദിച്ച ആശയം തൊഴിലുറപ്പ് തൊഴിലാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു.
കൃഷിഭവനും മീനച്ചില്‍ പഞ്ചായത്തുമായി സഹകരിച്ചുകൊണ്ടാണ് ചെണ്ടുമല്ലിത്തോട്ടം ഒരുക്കിയിരിക്കുന്നത്. 1250 തയ്യുകളാണ് ജൂണില്‍ നട്ടത്. ഇതില്‍ നിന്ന് ഇതിനോടകം തന്നെ 65 കിലോ പൂക്കള്‍ ഇവര്‍ വിറ്റുകഴിഞ്ഞു. തങ്ങള്‍ ഒരുപാട് സന്തോഷം നല്‍കുന്നതാണ് ഈ ചെണ്ടുമല്ലി കൃഷിയെന്ന് തൊഴിലാളികള്‍ പറയുന്നു.
ഇതിനോടകം തന്നെ നിരവധി പേരാണ് പൂ വാങ്ങുന്നതിനും റീല്‍സെടുക്കാനും ഫോട്ടോ ഷൂട്ടിനുമായി ഇവിടെ എത്തുന്നത്. നയന മനോഹര കാഴ്ചയായതിനാല്‍ ഇനിയും തിരക്ക് കൂടുമെന്നാണ് ഇവരുടെ പ്രതീക്ഷ