ഓണ്‍ലൈന്‍ വഴി പണം തട്ടിയെടുത്ത മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. തിരുവനന്തപുരം കല്ലറ സ്വദേശിയായ സ്ത്രീയില്‍ നിന്നാണ് വീട്ടിലിരുന്ന് പണം സമ്പാദിക്കാമെന്ന് പറഞ്ഞ് 5 ലക്ഷം രൂപ തട്ടിയത്.
കോഴിക്കോട് സ്വദേശികളായ സെയ്ഫുള്‍ റഹ്‌മാന്‍,ഹരി കൃഷ്ണന്‍ , അഖില്‍ ബാബു എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ജൂലൈയിലാണ് വീട്ടമ്മ പരാതി നല്‍കുന്നത്. ഇന്‍സ്റ്റഗ്രാം വഴിയാണ് തട്ടിപ്പ് നടത്തുന്നത്.
ഇവര്‍ നല്‍കുന്ന അക്കൗണ്ടിലേക്ക് ആദ്യം 1000 രൂപ ഇടാനാവശ്യപ്പെടും. അടുത്ത ദിവസം 1300 രൂപ തിരിച്ച് നല്‍കും. ഇത്തരത്തില്‍ ക്രമേണ വലിയ തുക നിക്ഷേപിക്കാനാവശ്യപ്പെടുകയും അക്കൗണ്ട് ബ്ലോക്കായെന്ന് പറഞ്ഞ് ആ തുക തട്ടിയെടുക്കുന്നതാണ് ഇവരുടെ രീതി. 53,000 രൂപ വരെ ഇത്തരത്തില്‍ വീട്ടമ്മയ്ക്ക് നല്‍കി.ശേഷം 80,000 രൂപ അക്കൗണ്ടിലിടാന്‍ ആവശ്യപ്പെട്ടു.
ഈ തുക തിരിച്ചു ലഭിച്ചില്ല. അക്കൗണ്ട് ബ്ലോക്ക് ആയതാണെന്നും അക്കൗണ്ട് ശരിയാക്കിയാല്‍ പണം തിരികെ നല്‍കാമെന്നും ഉറപ്പു നല്‍കി. ഇത്തരത്തില്‍ കബളിപ്പിച്ച് 5 ലക്ഷം രൂപ വരെ തട്ടിയതായാണ് പരാതി. പരാതിക്കാരിയായ സ്ത്രീ ഒരോ തവണയും പണം നല്‍കിയത് വ്യത്യസ്ത യുപിഐ അക്കൗണ്ടുകളിലേക്ക് ആണ്.
ഇതില്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് ബാങ്ക് അക്കൗണ്ട് എടുപ്പിച്ച് അവര്‍ക്ക് കമ്മീഷന്‍ നല്‍കാമെന്ന ഉടമ്പടിയില്‍ കരാറുണ്ടാക്കിയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്ന് പൊലീസ് സംശയം പ്രകടിപ്പിച്ചു. തട്ടിപ്പിനു പിന്നില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടാകാമെന്നും പൊലീസ് പറഞ്ഞു. പ്രതികളെ പാങ്ങോട് കോടതിയില്‍ ഹാജരാക്കി.