Share this Article
ഇരുചക്ര വാഹനത്തില്‍ 35 ലിറ്റര്‍ വിദേശ മദ്യം കടത്തിയ ആള്‍ പിടിയില്‍
A man who smuggled 35 liters of foreign liquor in a two-wheeler was arrested

ഇരുചക്ര വാഹനത്തില്‍ 35 ലിറ്റര്‍ വിദേശ മദ്യം കടത്തിയ ആളെ കിളിമാനൂര്‍ പൊലീസ് പിടികൂടി. ആറ്റിങ്ങല്‍ ആയിലം സ്വദേശി നാസറുദീന്‍ ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ച് മണിയോടെ എം.സി റോഡില്‍ തട്ടത്തുമലയില്‍വച്ചായിരുന്നു സംഭവം. ശബരിമല ദര്‍ശനം കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങിയ അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ട് വിശ്രമിക്കുന്നതിനിടെ ചടയമംഗലത്ത് നിന്നും കിളിമാനൂരിലേക്ക് വരുകയായിരുന്ന ഇരുചക്ര വാഹനം കാറിന് പിറകില്‍ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ഇരുചക്ര വാഹനത്തില്‍ നിന്നും മദ്യക്കുപ്പി  റോഡിലേക്ക് വീണു. ഇതേ തുടര്‍ന്ന് കാര്‍ യാത്രികര്‍ പ്രതിയെ തടഞ്ഞുവച്ച് പൊലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് സ്ഥലത്ത് എത്തിയ പൊലീസ് നടത്തിയ പരിശോധനയിലാണ് അനധികൃതമായി കടത്തിയ മദ്യം പിടിച്ചെടുത്തത്. മൂന്ന് സഞ്ചികളിലായി ഒളിപ്പിച്ച 67 കുപ്പി മദ്യമാണ് കടത്തിയത്. പ്രതി ആറ്റിങ്ങല്‍ പൊലീസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളും നിരവധി അബ്കാരി, മോഷണ കേസുകളില്‍ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. കിളിമാനൂര്‍ എസ്എച്ച്ഒ ബി. ജയന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ വിജിത്ത് കെ. നായര്‍, രാജി കൃഷ്ണ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories