ഡിവൈഎസ്പിയുടെ കഥാസമാഹാരത്തിന് കവര്‍ പേജ് ഒരുക്കി ശദ്ധേയമാവുകയാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കീര്‍ത്തന. സ്ത്രീ പുരുഷ മനഃശാസ്ത്രത്തിന്റെ സങ്കീര്‍ണതകളിലേക്ക് വെളിച്ചം വീശുന്ന ചിത്രങ്ങള്‍ക്കാണ് കീര്‍ത്തന ജീവന്‍ നല്‍കിയിരിക്കുന്നത്.
കോഴിക്കോട് ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി സുരേന്ദ്രന്‍ മങ്ങാട്ട് എഴുതിയ 'കാട്ടുപന്നി ' എന്ന കഥാസമാഹാരത്തിലാണ് തൃശൂര്‍ സ്വദേശിയായ കീര്‍ത്തന ചിത്രങ്ങള്‍ വരച്ചത്. കാഞ്ഞാണി ഭവന്‍സ് വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ കീര്‍ത്തന നര്‍ത്തകി കൂടിയാണ്.
നിരവധി പുരസ്‌കാരങ്ങളും ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്. ചെറുപ്പം മുതല്‍ ചിത്രകലയില്‍ തല്പരയായിരുന്നു കീര്‍ത്തന. പെന്‍സിലുകള്‍ ഉപയോഗിച്ചും വാട്ടര്‍കളറിലും നൂറുകണക്കിന് ചിത്രങ്ങള്‍ ഇതുവരെ വരച്ചിട്ടുണ്ട്.
ഒരു മാസത്തോളം സമയമെടുത്താണ് കീര്‍ത്തന കഥാകൃത്തായ സുരേന്ദ്രന്റെ മനസ്സില്‍ തെളിഞ്ഞ കുറ്റാന്വേഷണ വിഭാഗത്തില്‍ പെടുന്ന 'കാട്ടുപന്നി' എന്ന ഏഴ് കഥകള്‍ അടങ്ങുന്ന പുസ്തകത്തിന് കവര്‍ ചിത്രം ഒരുക്കിയത്. ഇത് പുസ്തകത്തിന്റെ പ്രസാധകരുടെ അടുത്തെത്തിയപ്പോള്‍ ബാക്കി ചിത്രങ്ങളും കീര്‍ത്തന തന്നെ വരക്കെട്ടെയെന്ന് നിര്‍ദ്ദേശം വന്നു. തുടര്‍ന്നാണ് കീര്‍ത്തന പുസ്തകത്തിലെ എല്ലാ ചിത്രങ്ങളും വരച്ചത്.