കോഴിക്കോട്: തൊട്ടില്‍പ്പാലത്ത് തട്ടിക്കൊണ്ടുപോയി ആള്‍താമസമില്ലാത്ത വീട്ടിൽ ബലാത്സംഗം ചെയ്ത കേസില്‍ ബിരുദ വിദ്യാർത്ഥിനിയുടെ മൊഴി പുറത്ത്. പീഡനശേഷം പ്രതി ഭീഷണിപ്പെടുത്തി നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി. പ്രതി തനിച്ചാണ് തട്ടിക്കൊണ്ടുപോയതെന്നും പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കി.
മൂന്ന് മണിയോടെയാണ് പൊലീസിന്റെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായത്. മൊഴിയെടുക്കല്‍ മണിക്കൂറുകള്‍ നീണ്ടു. തനിച്ചാണ് പ്രതി തട്ടിക്കൊണ്ടുപോയതെന്നുള്‍പ്പടെ പ്രതിക്കെതിരെ ഗുരുതരമായ കാര്യങ്ങളാണ് പെണ്‍കുട്ടിയുടെ മൊഴിയിലുള്ളത്. പ്രതിയെ ഉടന്‍ പിടികൂടുമെന്നായിരുന്നു പൊലീസ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ പ്രതിയെക്കുറിച്ച് കൂടുതല്‍ വിവരം ലഭിക്കാത്ത സാഹചര്യത്തില്‍ പ്രതിക്കായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
ഇന്നലെയാണ് ലഹരിക്കടിപ്പെട്ട യുവാവ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി അടച്ചിട്ട വീട്ടില്‍ വിവസ്ത്രയാക്കി കെട്ടിയിട്ട് പീഡിപ്പിച്ചത്. കോഴിക്കോട്ടെ കോളജിലെ ബിരുദ വിദ്യാര്‍ഥിനിയാണ് ക്രൂര പീഡനത്തിരയായത്. കുണ്ടുതോട്ടിലെ ആള്‍താമസമില്ലാത്ത വീടിന്റെ പൂട്ട് തകര്‍ത്താണ് തൊട്ടില്‍പ്പാലം പൊലീസ് വിദ്യാര്‍ഥിനിയെ രക്ഷപ്പെടുത്തിയത്. കുറ്റ്യാടി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വൈദ്യപരിശോധനക്ക് വിധേയമാക്കി. പ്രതി ലഹരിക്ക് അടിമയാണെന്നും വീട്ടില്‍നിന്ന് അഞ്ച് ഗ്രാം എംഡിഎംഎയും പൊലീസ് കണ്ടെത്തിയിരുന്നു.
കോളജ് ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥിനിയെ ബുധനാഴ്ചയാണ് യുവാവ് തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ ലോക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വീട് കണ്ടെത്തിയത്. പൊലീസ് വീട്ടിലെത്തുമ്പോള്‍ പെണ്‍കുട്ടിയെ വിവസ്ത്രയാക്കി മുറിയില്‍ കെട്ടിയിട്ടിരിക്കയായിരുന്നു. ക്രൂരമായി ദേഹോപദ്രവമേല്‍പ്പിച്ചിട്ടുണ്ട്.