Share this Article
"മാലിന്യം വലിച്ചെറിഞ്ഞവരെ കണ്ടെത്താന്‍ സഹായിച്ച കൊച്ചു മിടുക്കൻ ഇബ്രാഹമിനെ അനുമോദിച്ച് നാട്"

പൊതുനിരത്തില്‍ മാലിന്യം വലിച്ചെറിഞ്ഞവരെ കണ്ടെത്താന്‍ സഹായിച്ച ഏഴു വയസ്സുകാരന് അനുമോദനവുമായി തൃശ്ശൂര്‍ പുന്നയൂര്‍ ഗ്രാമപഞ്ചായത്തും തദ്ദേശ വകുപ്പും. പുന്നയൂര്‍ സ്വദേശി നിഷാദ് സഫിയ ദമ്പതികളുടെ മകന്‍ ഇബ്രാഹിം നസിമിനാണ് അനുമോദിച്ചത്

ജൂലൈ ഇരുപത് ശനിയാഴ്ച നാസിം മദ്രസയില്‍ നിന്നും വരുമ്പോഴാണ് പുന്നയൂര്‍ പിലാക്കാട്ട് പള്ളിക്ക് സമീപം റോഡ് അരികില്‍ ലാബ് മാലിന്യം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വീട്ടുകാരുടെ സഹായത്തോടെ വാര്‍ഡ് മെമ്പര്‍ സെലീന നാസറിനെയും പുന്നയൂര് പഞ്ചായത്തിനെയും വിവരമറിയിക്കുകയായിരുന്നു.

രണ്ട് വലിയ പ്ലാസ്റ്റിക് ബാഗുകളില്‍ നിറയെ  ഉപയോഗിച്ച സിറിഞ്ചുകള്‍, രക്തം അടങ്ങിയ ടെസ്റ്റ് ട്യൂബുകള്‍, യൂറിന് കണ്ടൈനര്‍ എന്നിവയായിരുന്നു തള്ളിയിരുന്നത്. തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് മന്ദലാംകുന്ന് ഹെല്‍ത്ത് കെയര്‍ ഹൈടെക് ലാബ് ഉപയോഗിച്ച സാധനങ്ങള്‍ ആണെന്ന് മനസ്സിലായത്.

തുടര്‍ന്ന് ലാബ് ഉടമ കടിക്കാട് സ്വദേശി രോഷിത്തിന്  അരലക്ഷം രൂപ പിഴ ചുമത്തുകയും ലൈസന്‍സ് ഇല്ലാത്തതിനാല്‍ ലാബ് അടച്ചിടാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ആറ്റുപുറം സെന്റ്  ആന്റണീസ് എല്‍ പി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഇബ്രാഹിം നാസിം.

സ്‌കൂളില്‍ വച്ച് നടത്തിയ അനുമോദന ചടങ്ങ് ഗുരുവായൂര്‍ എംഎല്‍എ എന്‍കെ അക്ബര്‍ ഉദ്ഘാടനം ചെയ്തു. ഹരിത കര്‍മ്മ സേന അംഗങ്ങളെ രണ്ടാംകിട തൊഴിലാളികളായി കാണുന്ന സമൂഹം രണ്ടാം ക്ലാസുകാരനായ ഇബ്രാഹിം നാസിമിനെ കണ്ടുപഠിക്കണമെന്ന് എംഎല്‍എ പറഞ്ഞു.

ഗുരുവായൂര്‍ നിയോജക മണ്ഡലത്തിന്റെ മാലിന്യ നിര്‍മാര്‍ജന ബ്രാന്‍ഡ് അംബാസഡര്‍ ആയി ഇബ്രാഹിം നാസിമിനെ പ്രഖ്യാപിക്കുകയും ചെയ്തു.ചടങ്ങില്‍ പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി വി സുരേന്ദ്രന്‍ അധ്യക്ഷനായി. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  കെ ആഷിത മുഖ്യാതിഥിയായിരുന്നു.   

 
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories