തിരുവന്തപുരം നെടുമങ്ങാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ തുടരുന്ന മോഷണ പരമ്പരയില്‍ വിറങ്ങലിച്ച് നാട്ടുകാര്‍. ശാസ്ത്രീയ പരിശോധനകള്‍ നടത്തി പോലീസ് അന്വേഷണം ഊര്‍ജിതമാക്കണമെന്ന് നാട്ടുകാര്‍.
നെടുമങ്ങാടും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 10 ഓളം മോഷണങ്ങളാണ് നടന്നത്. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രദേശത്ത് മോഷണം നടന്നത്. ഇന്നലെയും 4 ക്ഷേത്രങ്ങളില്‍ മോഷണം നടന്നു. വേങ്കവിള ദുര്‍ഗാദേവി ക്ഷേത്രത്തിലെ ശ്രീകോവില്‍ കുത്തി തുറന്ന നിലയിലും പരിസരത്തെ പത്തോളം വരുന്ന കാണിക്ക വഞ്ചികള്‍ തകര്‍ത്ത നിലയിലും കണ്ടെത്തി.
ക്ഷേത്രകമ്മറ്റി ഓഫീസ് വാതില്‍ തകര്‍ത്ത ശേഷം അകത്ത് കടന്ന മോഷ്ടാവ് അലമാര അടിച്ച് തകര്‍ത്ത ശേഷം സ്വര്‍ണ്ണ പൊട്ടുകള്‍ മോഷ്ടിച്ചു. നാണയ തുട്ടുകള്‍ ഉപേക്ഷിച്ച നിലയില്‍ പരിസരത്ത് നിന്നും കണ്ടെത്തിയിരുന്നു. ഇതേ ദിവസം തന്നെ പാറയില്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ നടവഴിയില്‍ സ്ഥാപിച്ചിരുന്ന കാണിക്ക വഞ്ചി കുത്തി തുറന്ന് പണം നിക്ഷേപിച്ച ബോക്‌സ് മോഷ്ടാവ് കൊണ്ട് പോയി.
എകദേശം 1500രൂപ നഷ്ടപ്പെട്ടതായി ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു. 200 മീറ്റര്‍ മാറി പാറയില്‍നട മേലാംങ്കോട് ദേവീ ക്ഷേത്രത്തിലും മോഷണം നടന്നു. പരാതി നല്‍കിയിട്ടും പൊലീസ് ശാസ്ത്രീയ അന്വേഷണം നടത്തുന്നില്ലെന്നാണ് പരാതി.
അന്വേഷണം കൃത്യമായി നടക്കാത്തത് മോഷണങ്ങള്‍ പെരുകുന്നതിന് കാരണമാവുന്നുവെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. ഫിംഗര്‍പ്രിന്റ്, ഡോഗ് സ്‌ക്വാഡ് തുടങ്ങിയവരെ സ്ഥലത്തെത്തിച്ച് ശാസ്ത്രീയമായി തെളിവുകള്‍ ശേഖരിച്ച് മോഷ്ടാക്കളെ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.