Share this Article
'പൊന്നേ, നിന്നെ മറക്കുന്നതെങ്ങനെ.. ഭാര്യ മരിച്ചിട്ട് ഒരു മാസം; ഭാര്യാമാതാവിനെ കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കി
വെബ് ടീം
posted on 04-07-2024
1 min read
Husband killed his mother-in-law and then committed suicide

തിരുവനന്തപുരം തിരുവല്ലത്ത് അര്‍ബുദ ബാധിതയായ ഭാര്യ മരിച്ച് ഒരുമാസം തികയുന്ന ദിവസം ഭര്‍ത്താവ് ഭാര്യാമാതാവിനെ കൊലപ്പെടുത്തി ജീവനൊടുക്കി. ഭാര്യയുടെ ചിത്രവും ഓര്‍മ കുറിപ്പും സമൂഹ മാധ്യമത്തില്‍ പങ്കുവച്ചതിന് പിന്നാലെയാണ് മരണം.ജൂണ്‍ 3 ന് മരിച്ച  ഭാര്യ റീനയുടെ  ചിത്രം പങ്കുവച്ച് പൊന്നെ നിന്നെ മറക്കുന്നതെങ്ങനെ എന്ന കുറിപ്പും ആര്യനാട് സ്വദേശി സാബുലാല്‍  സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരുന്നു. അര്‍ബുദ ബാധിതയായിരുന്ന ഭാര്യ മരിച്ച് ഒരു മാസം തികയുന്ന ദിവസം ഒാര്‍മ കുറിപ്പ് പങ്കു വച്ചതിന് ശേഷം ഭാര്യാ മാതാവിനെ കൊലപ്പെടുത്തി സാബുലാൽ ജീവനൊടുക്കിയെന്നാണ് നിഗമനം. വണ്ടിത്തടം മൃഗാശുപത്രിക്ക് സമീപത്തെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു കുടുംബം. 

റീനയുടെ മരണശേഷം സാബുലാലും ശ്യാമളയും മാനസിക വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. സാബുലാലിന്റെ മൃതദേഹം കിടപ്പുമുറിയില്‍ തൂങ്ങിയ നിലയിലും ശ്യാമളയുടേത് തറയില്‍ കിടക്കുന്ന നിലയിലുമായിരുന്നു.  സാബുലാലിനും റീനയ്ക്കും കുട്ടികളില്ല. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റി. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories