Share this Article
അർജുന്റെ വലിയ സ്വപ്നം യാഥാർത്ഥ്യമായി; ഭാര്യ കൃഷ്ണപ്രിയ ജോലിയിൽ പ്രവേശിച്ചു
arjun wife Krishnapriya

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ഭാര്യ കൃഷ്ണപ്രിയ ജോലിയിൽ പ്രവേശിച്ചു. വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജൂനിയർ ക്ലാർക്കായാണ് ജോലിയിൽ പ്രവേശിച്ചത്.

പ്രിയതമനെ കുറിച്ചുള്ള ഓർമ്മകൾ കൃഷ്ണപ്രിയയുടെ മനസ്സിലും മിഴികളിലും കണ്ണീരായി നിറഞ്ഞിരുന്നു. കാണാമറയത്താണെങ്കിലും ഹൃദയത്തിൻ്റെ അടിത്തട്ടിൽ എന്നും ഒപ്പമുള്ള അർജുനെ മനസ്സിൽ ധ്യാനിച്ച് കൃഷ്ണപ്രിയ നിയമന രജിസ്റ്ററിൽ ഒപ്പുവച്ചു. 

കൃഷ്ണപ്രിയ ജോലിയിൽ പ്രവേശിക്കുന്ന നിമിഷത്തിന് സാക്ഷികളായി അർജുന്റെ സഹോദരങ്ങളായ അഞ്ജുവും അഭിരാമിയും സഹോദരി ഭർത്താവ് ജിതിനും ബാങ്കിൽ എത്തിയിരുന്നു.

അർജുൻ്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു കൃഷ്ണപ്രിയയ്ക്ക് സ്ഥിര വരുമാനമുള്ള ഒരു ജോലി എന്നത്. ജോലിയെക്കുറിച്ചുള്ള ചോദ്യത്തിന് മുൻപിൽ വാക്കുകൾ മുഴുമിപ്പിക്കാനാവാതെ കൃഷ്ണപ്രിയ വിതുമ്പി.

പരിശീലനത്തിന് ശേഷം കൃഷ്ണപ്രിയയുടെ കൂടി സൗകര്യം കണക്കിലെടുത്ത് വീടിനടുത്തുള്ള കണ്ണാടിക്കൽ ബ്രാഞ്ചിലേക്ക് നിയമനം നൽകുമെന്ന് വേങ്ങേരി സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി പി.കെ.അഖില പറഞ്ഞു. 

കഴിഞ്ഞദിവസമാണ് കൃഷ്ണപ്രിയയുടെ നിയമനം സംബന്ധിച്ച്  സഹകരണ വകുപ്പ് ഉത്തരവിറക്കിയത്. വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജൂനിയർ ക്ലാർക്കായാണ് നിയമനം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories